വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് ഇരിട്ടിയിൽ സ്വീകരണം
1599511
Tuesday, October 14, 2025 1:49 AM IST
ഇരിട്ടി: ശബരിമലയിലെ സ്വർണ ക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് വൈകുന്നേരം നാലിന് ഇരിട്ടിയിൽ സ്വീകരണം നല്കും. പേരാവൂർ, ഇരിക്കൂർ, കൂത്തുപറമ്പ്, മട്ടന്നൂർ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ചേർന്ന് യാത്രയെ പയഞ്ചേരി മുക്കിൽനിന്ന് സ്വീകരിച്ച് സ്വീകരണ കേന്ദ്രമായ ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ, കെപിസിസി ഭാരവാഹികളായ ടി. സിദിഖ് എംഎൽഎ, പി.എം. നിയാസ്, സോണി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യുഡിഎഫ് ചെയർമാൻ പി.ടി.മാത്യു തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഇരിട്ടിയിലെ സ്വീകരണത്തിന് ശേഷം യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. സ്വാഗതസംഘം ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി, നേതാക്കളായ ജയ്സൺ കാരക്കാട്ട്, പി.കെ. ജനാർദ്ദനൻ, പി.എ. നസീർ, ജൂബിലി ചാക്കോ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.