മലയോരത്തിന് ആവേശമായി അവകാശ സംരക്ഷണയാത്ര
1599523
Tuesday, October 14, 2025 1:49 AM IST
പാണത്തൂര്‍: നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക് കാസര്‍ഗോഡിന്റെ മലയോരമണ്ണില്‍ പ്രൗഢോജ്വലതുടക്കം. കത്തോലിക്ക കോണ്‍ഗ്രസിന്റെ കരുത്ത് വിളിച്ചോതിയ സംസ്ഥാനതല ഉദ്ഘാടനപരിപാടി കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കുടിയേറ്റഗ്രാമമായ പാണത്തൂരിനെ ജനസാഗരമാക്കി. പ്രവൃത്തിദിനം ആയിരുന്നിട്ടുകൂടി പനത്തടി, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഫൊറോനകളില്‍ നിന്നും അയ്യായിരത്തോളം വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണത്തൂര്‍ സെന്റ് മേരീസ് പള്ളിമൈതാനത്തുനിന്നും സമ്മേളനം നടക്കുന്ന പാണത്തൂര്‍ ടൗണിലേക്ക് നടത്തിയ റാലിയില്‍ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അണിനിരന്നു.
മഞ്ഞയും വെള്ളയും ഇടകലര്‍ന്ന ഇരുവര്ണക്കൊടികള് കൈയിലേന്തി, അതേ നിറത്തിലുള്ള തൊപ്പികളും കുടകളും റാലിയെ മനോഹരമാക്കി. വന്യമൃഗ ആക്രമണവും അധികാരികളുടെ അവഗണനയും ദുരിരത്തിലാക്കിയ കര്‍ഷകന്റെ ജീവിതം പ്രമേയമാക്കിയ കള്ളാര്‍ ഉണ്ണിമിശിഹ പള്ളിയുടെ ടാബ്ലോ ഏറെ ശ്രദ്ധേയമായിരുന്നു.
സമ്മേളനനഗരിയില്‍ ജാഥാ ക്യാപ്റ്റനായ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തി. കത്തോലിക്ക കോണ്‍ഗ്രസ് വെറുമൊരു കടലാസ് സംഘടനയല്ലെന്ന് തെളിയിക്കുന്നതാണ് ഈ പരിപാടിയെന്നും പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം
ലഭിച്ചേ മതിയാകൂ: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
കാര്‍ഷികമേഖലയിലും വിദ്യാഭ്യാസമേഖലയിലും ഉള്‍പ്പെടെ നമ്മുടെ സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം ലഭിച്ചേ മതിയാകൂവെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മുനമ്പം വിഷയത്തില്‍ കണ്ണ് തുറക്കാതിരുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും മുനമ്പം നിവാസികളുടെ റവന്യൂ അവകാശം പുനഃസ്ഥാപിക്കണം.
എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്ത സ്കൂള്‍ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ പിന്നിലെന്തെന്ന് നമുക്കറിയാം. തീവ്രവാദനിലപാടുകള്‍ നമ്മുടെ സ്ഥാപനങ്ങളുടെ സ്വസ്ഥത തകര്‍ക്കുന്ന രീതി അംഗീകരിക്കാനാകില്ല. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് എയ്ഡഡ് സ്കൂളുകളില്‍ നാലുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് സമയത്തു തരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണുള്ളത്. അവര്‍ അതു ചെയ്തില്ലെങ്കില്‍ നിയമനം നടത്താനുള്ള അനുമതി മാനേജ്മെന്റിന് ലഭിക്കണം.-അദ്ദേഹം പറഞ്ഞു.