ആറളം വന്യജീവി സങ്കേതത്തിൽ ഏഴ് പുതിയ ഇനം തുമ്പികൾ
1599519
Tuesday, October 14, 2025 1:49 AM IST
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നടന്നുവന്ന തുമ്പി ഗവേഷണം "ഡ്രാഗൺഫ്ലൈ മീറ്റ് 2025" സമാപിച്ചു. മൂന്നു ദിവസമായി നടന്നുവന്ന മീറ്റിൽ 60 പേർ പങ്കെടുത്തു. ചാവച്ചി, പരിപ്പുതോട്, നരിക്കടവ്, കൊട്ടിയൂർ, മീൻമുട്ടി, സൂര്യമുടി, അമ്പലപ്പാറ എന്നിവിടങ്ങളിൽ നടന്ന ഫീൽഡ് സർവേയിൽ 58 സ്പീഷീസുകൾ കണ്ടെത്തി . ഇതിൽ ഏഴ് സ്പീഷീസുകളായ കുറുനഖവാലൻ, ചോല കടുവ, പൊക്കൻ കടുവ , നീലക്കറുപ്പൻ വ്യാളി, മഞ്ഞക്കറുപ്പൻ മുളവാലൻ, വയനാടൻ അരുവിയൻ, നാട്ടു പെരുംകണ്ണൻ എന്നിവ ആറളം സങ്കേതത്തിൽ ആദ്യമായി കണ്ടെത്തിയവയാണ്.ഇതോടെ കേരളത്തിലെ ഏറ്റവും സമ്പന്നമായ തുമ്പി ആവാസവ്യവസ്ഥകളിലൊന്നായി മാറുന്ന ആറളത്ത് കണ്ടെത്തിയ തുമ്പികളുടെ എണ്ണം 103 ആയി.
വളയംചാലിൽ നടന്ന സമാപന പരിപാടി വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു . ഡോ. എം. ജാഫർ പാലോട്ട്, കലേഷ് സദാശിവൻ, ഡോ. ഏബ്രഹാം സാമുവൽ, വി.സി. ബാലകൃഷ്ണൻ, വിനയൻ പി. നായർ, അസിസ്റ്റന്റ് വാർഡൻ . രമ്യ രാഘവൻ എന്നിവർ പ്രസംഗിച്ചു.