തളിപ്പറമ്പ നഗരസഭയിൽ സംഘർഷം; സെക്രട്ടറിയെ പോലിസ് വാഹനത്തിൽ വീട്ടിലെത്തിച്ചു
1599507
Tuesday, October 14, 2025 1:49 AM IST
തളിപ്പറമ്പ്: നഗരസഭയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ സെക്രട്ടറി കെ.പി. സുബൈറിനെ പോലിസ് വാഹനത്തിൽ കൂറുമാത്തൂർ ചെറുകളയിലെ വീട്ടിൽ എത്തിച്ചു. ഇന്നലെ രാത്രി ഏഴോയോടെയായിരുന്നു സംഭവം. തളിപ്പറമ്പിലെ തീപിടിത്തം നടന്ന സ്ഥലത്തെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് നടന്ന കൗൺസിൽ യോഗത്തിൽ
സെക്രട്ടറിയുടെ നിയമ നടപടി ക്രമങ്ങളുകളുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര് നടന്നിരുന്നു. ഇന്നു രാവിലെ ശുചികരണം പ്രവൃത്തി ആരംഭിക്കാം എന്ന തീരുമാനവുമായാണ് കൗൺസിൽ അവസാനിപ്പിച്ചത്. തുടർന്ന് രാത്രി ഏഴോടെ നഗരസഭ സെക്രട്ടി വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി നേതാക്കളെ വിളിച്ച് വരുത്തി ശുചീകരണവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ വിവരിച്ചു. ഇതേ ചൊല്ലി വ്യാപാരി നേതാക്കളും, സെക്രട്ടറിയും തമ്മിൽവാക്ക് തർക്കം ഉണ്ടായി. ഇതോടെ സെക്രട്ടറി പോലിസിനെ വിളിച്ചു വരുത്തി.
അവിടെ എത്തിയ പോലിസ് പിന്നീട് സെക്രട്ടറിയെ പോലിസ് വാഹനത്തിൽ വിട്ടിൽ എത്തിക്കുക യായിരുന്നു. തുടർന്ന് നഗരസഭയിൽ ഭരണ -പ്രതിപക്ഷ കൗൺസിലർമാരും സൂപ്രണ്ട് അനിഷ്, എസ്ഐ. ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരുകയും, തീപിടിത്തം നടന്ന സ്ഥലത് ഇന്നു മുതൽ വ്യാപാരികളുടെ നേതൃത്വത്തിൽ ശുചികരണം നടത്തുവാനും തീരുമാനിച്ചു.
വനിത കൗൺസിലർമാർ തമ്മിൽ വാക്കേറ്റം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വനിത കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ഇന്നലെ നടന്ന യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. നബിസ ബീവിയെ കുറിച്ച് സെക്രട്ടറി നടത്തിയ പരാമർശമാണ് പ്രശ്നത്തിന് വഴിവച്ചത്.
കൗൺസിൽ അവസാനിച്ച ശേഷം സെക്രട്ടറിയുടെ സമീപത്തേക്ക് പോയ നബീസ ബീവിയെ പ്രതിപക്ഷത്തെ വനിത കൗൺസിലർമാർ തടഞ്ഞതോടെയാണ് ബഹളം രൂക്ഷമായത്. ഇതിനിടയിൽ സെക്രട്ടറി സ്ഥിരം സമിതി അധ്യക്ഷയോട് ഇറങ്ങിപ്പോകാൻ പറഞ്ഞ് അപമാനിച്ചതായി നബീസ ബീവി ആരോപിച്ചു. സെക്രട്ടറിക്കെതിരേ പരാതി നല്കുമെന്നും അവർ പറഞ്ഞു.