കണ്ണൂർ തീരത്ത് ഡോൾഫിനുകൾ ചത്ത നിലയിൽ
1600075
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: കണ്ണൂർ തീരത്ത് രണ്ടിടങ്ങളിലായി രണ്ടു ഡോൾഫിനുകൾ ചത്തനിലയിൽ കരയ്ക്കടിഞ്ഞു. ഒന്ന് ആണും രണ്ടാമത്തേത് പെൺ ഡോൾഫിനുമാണ്. പയ്യാമ്പലം പ്രണവം ബീച്ച് റിസോർട്ടിനു മുൻവശത്തായാണ് പെൺ ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെ നീർക്കടവ് ശാന്തിതീരം ശ്മശാനത്തിനടുത്തായിരുന്നു ആൺ ഡോൾഫിന്റെ ജഡം. പെൺ ഡോൾഫിന് രണ്ടേകാൽ മീറ്റർ നീളവും 100 കിലോയോളം ഭാരവുമുണ്ട്. ആഴത്തിലുള്ള മുറിവേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിലായിരുന്നു. ആൺ ഡോൾഫിന് ഒന്നര മീറ്റർ നീളവും 40 കിലോ തൂക്കവുമുണ്ട്. തലയ്ക്ക് പരിക്കേറ്റ് ഒരു വശത്തെ കണ്ണ് തകർന്ന നിലയിലായിരുന്നു.
കപ്പലിന്റേയോ ബോട്ടിന്റേയോ പ്രൊപ്പല്ലർ തട്ടി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ കണ്ണൂർ ജില്ലാ വെറ്ററിനറി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ.പദ്മരാജ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് വെറ്ററിനറി സർജൻ ഡോ. ദിവ്യയും പങ്കെടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സബീന, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, വൈൽഡ് ലൈഫ് റെസ്ക്യൂർമാരായ സന്ദീപ്, അനിൽ, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ജഡങ്ങൾ മറവ് ചെയ്തു.