ഇടിമിന്നലേറ്റു മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
1600067
Thursday, October 16, 2025 2:01 AM IST
ശ്രീകണ്ഠപുരം: ചെങ്ങളായി കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് മരിച്ച രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ആസാം ഉദൽഗുരി സ്വദേശി ജോസ് (ജാസ് നർസാരി -42), ഒഡീഷ റയഗഡയ സ്വദേശി രാജേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണൂരിൽ നിന്ന് വിമാനമാർഗം നാട്ടിലെത്തിച്ചത്. 14ന് ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒഡീഷയിലെ വിദ്യാധർ പ്രദീപ്, ആസാം സ്വദേശി ഗൗതംറായി എന്നിവരും നാട്ടിലേക്കു മടങ്ങി. ചെങ്ങളായി പഞ്ചായത്തിലെ കാക്കണ്ണംപാറ കലാഗ്രാമത്തിന് സമീപം ചെങ്കൽ ജോലിക്കിടെയിലാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശ്രീകണ്ഠപുരം പോലീസ് ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെങ്കൽപണയിൽ അഞ്ചുപരാണ് ജോലി ചെയ്യുന്നത്. ഷാജിയാണ് മരിച്ചവരുടെ വീട്ടുകാരെയടക്കം വിവരം അറിയിച്ചത്.