കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് ആവേശമുന്നേറ്റം
1599804
Wednesday, October 15, 2025 1:56 AM IST
പേരാവൂർ : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് തലശേരി അതിരൂപതയിൽ ആവേശോജ്വല സമാപനം. പേരാവൂരിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങൾ അണിനിരന്ന സമാപന റാലിയും പൊതുസമ്മേളനവും സംരക്ഷണയാത്ര ജനം ഏറ്റെടുത്തതിന്റെ തെളിവായി.
ഇന്നലെ വൈകുന്നേരം നാലിന് ചെവിടിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്തു നിന്ന് റാലിയായി എത്തിയാണ് പേരാവൂർ ടൗണിൽ യാത്രയെ വരവേറ്റത്. സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പേരാവൂർ ടൗണിലൂടെ നീങ്ങിയ റാലി പഴയ ബസ് സ്റ്റാൻഡിലെ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ സമാപിച്ചു. പേരാവൂർ, എടൂർ, കുന്നോത്ത് ഫൊറോനകളുടെ നേതൃത്വത്തിലാണ് സമാപന സമ്മേളനം ഒരുക്കിയത്.
സമാപന സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. എകെസിസി തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. എകെസിസി ബിഷപ് ഡെലിഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം,പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. തോമസ് വടക്കേമുറി, ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ. തോമസ് പട്ടാംകുളം, ഫാ. ജോസഫ് തേനമ്മാക്കൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ബെന്നിച്ചൻ മഠത്തിനകം, ഷാജു എടശേരി, മാത്യു വള്ളാംകോട്ട്, ജോസ് പുത്തൻപുര, ജോണി തോമസ് വടക്കേക്കര, മാത്യു ഒറ്റപ്ലാക്കൽ, ബ്രിട്ടോ ജോസ് തുടങ്ങിയവർ നേതൃത്വം നല്കി.
പാണത്തൂരിൽനിന്ന് ആരംഭിച്ച യാത്ര ഇന്നലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അഞ്ചിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയാണ് പേരാവൂരിൽ സമാപിച്ചത്. ഇന്ന് യാത്ര മാനന്തവാടി രൂപതയിൽ പ്രവേശിക്കും.
കത്തോലിക്കാ കോൺഗ്രസ് മുന്പേ പറക്കുന്ന പക്ഷി: മാർ പാംപ്ലാനി
പേരാവൂർ: കത്തോലിക്കാ കോൺഗ്രസ് മുന്പേ പറക്കുന്ന പക്ഷിയെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. നമ്മൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ് എന്നതിന് തെളിവാണ് പൊതുജനം അത് ഏറ്റെടുക്കുന്നതെന്ന് ആർച്ച് ബിഷപ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയുടെ തലശരി അതിരൂപതാതല സമാപനം പേരാവൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
60 വർഷം പിന്നിട്ട വിമോചന സമരത്തെക്കുറിച്ച് ഇപ്പോഴും സംസാരിക്കേണ്ടി വരുന്നത് അത് കത്തോലിക്കന്റെ ഇച്ഛാശക്തിയുടെ പ്രതീകമായതുകൊണ്ടാണ്. നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കാട്ടുപന്നികളായി കണക്കാക്കാതെ അതിനെ നാട്ടുപന്നിയായി കണക്കാക്കി കൈകാര്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഡിഎഫ്ഒ എന്നെ ഫോണിൽ വിളിച്ചിരുന്നു. പിതാവ് ഇത്തരത്തിൽ ഇനിയും സംസാരി ച്ചാൽ ഞങ്ങൾ കേസെടുക്കും എന്നായിരുന്നു ഭീഷണി.
അപ്പോൾ ഞാൻ പറഞ്ഞത് സർ സിപി പേടിപ്പിച്ചിട്ട് പേടിക്കാത്തവരാണ് ഈ നാട്ടിലെ കത്തോലിക്കാ കോൺഗ്രസുകാരും കത്തോലിക്കാ മെത്രാന്മാരും പിന്നെയല്ലേ ഒരു ഡിഎഫ്ഒ. കത്തോലിക്കാ കോൺഗ്രസ് ഇന്നു പറയുന്നത് നാളെ ഇവിടത്തെ രാഷ്്ട്രീയക്കാരും ഭരണാധികാരികളും അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് നിയമസഭയിൽ കഴിഞ്ഞദിവസം പാസാക്കിയ ബില്ല്.
റബറിന് 250 രൂപ നല്കാമെന്നു പറഞ്ഞ് പറ്റിച്ച സർക്കാരിനുള്ള അവസാനത്തെ താക്കീതാണ് കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണയാത്ര. 440 കെവി ലൈൻ നഷ്ടപരിഹാര തുക നല്കാതെ കർഷകന്റെ പറമ്പിൽ ഒരു തൂമ്പപോലും ഇടാൻ ഇവിടുത്തെ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് ആദ്യം പറഞ്ഞതും കത്തോലിക്കാ കോൺഗ്രസ് ആണ്. അത് കത്തോലിക്കർക്കു വേണ്ടി മാത്രമല്ല, ഇവിടുത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും കൂടി വേണ്ടിയാണ്- ആർച്ച്ബിഷപ് പറഞ്ഞു.