കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ: വി.ഡി. സതീശൻ
1599792
Wednesday, October 15, 2025 1:56 AM IST
നടുവിൽ: കേരളത്തിലെ ആരോഗ്യ മേഖല ഇന്ന് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യ ചികിത്സാ രേഗത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ചെലവു വരുന്നത് കേരളത്തിലാണ്. സൗജന്യ ചികിത്സകൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നടുവിൽ പിഎച്ച്സിക്കുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ചെലവ് താങ്ങാൻ കഴിയാതായതോടെ സ്വകാര്യ ആശുപത്രികൾ സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണ്. സാധാരണക്കാർക്ക് നല്ല ചികിത്സ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. യുഡിഎഫ് ഭാരിക്കുന്പോൾ നല്ല രീതിയിൽ നടപ്പാക്കിയിരുന്ന കാരുണ്യ പദ്ധതികൾ ഇന്ന് താറുമാറായി. കേരളത്തെ ആരോഗ്യ രംഗത്ത് മികച്ചതാക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്നും സതീശൻ പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടം പള്ളിൽ, വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, സെബാസ്റ്റ്യൻ വിലങ്ങോലിൽ, ലിസി ജോസഫ്, എം.വി. വഹീദ, കെ.പി.കേശവൻ, ബാബു മാത്യു, വി.പി.മുഹമ്മദ് കുഞ്ഞി. മെഡിക്കൽ ഓഫീസർ ഡോ. അനൂപ് എന്നിവർ പ്രസംഗിച്ചു.
2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷത്തോളം രൂപ ചെലവിൽ പണികഴിപ്പിച്ചതാണ് കെട്ടിടം. ഉദ്ഘാടന പരിപാടി കോൺഗ്രസ് മേളയാക്കി എന്നാരോപിച്ച് എൽഡിഎഫ് പരിപാടി ബഹിഷ്കരിച്ചിരുന്നു.