സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി: സൗത്ത് ബസാർ മേൽപ്പാലം പ്രാരംഭ പ്രവൃത്തികൾ തുടങ്ങി
1599799
Wednesday, October 15, 2025 1:56 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേ ചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തിയാണിപ്പോൾ നടന്നുവരുന്നത്.
രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.പദ്ധതിക്കായി പുറമ്പോക്ക് ഉൾപ്പെടെ ഏറ്റെടുത്ത 205 സെന്റ് സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. ആദ്യത്തെ ഘട്ടത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കി. ശേഷിക്കുന്നവ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങളായി ടെൻഡർചെയ്ത് പൊളിച്ചു മാറ്റും.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശേഷിക്കുന്ന ടെൻഡറുകൾ ഒരുമിച്ച് ചെയ്യുന്നതിന് സബ്കളക്ടർ നിർദേശം നൽകി. 2016 ലാണ് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗത്ത് ബസാർമേൽപ്പാലം പ്രവൃത്തി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനെ ഏൽപിച്ചത്. കാൾടെക്സ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് സൗത്ത് ബസാർ ഫ്ലെെഓവർ. സിറ്റി റോഡ്, മേലേചൊവ്വ മേൽപ്പാലം, സൗത്ത് ബസാർ മേൽപ്പാലം എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നത്.