കല്ലാളത്തിൽ ശ്രീധരൻ: വ്യവസായ രംഗത്ത് കണ്ണൂരിനെ കൈപിടിച്ചു നടത്തിയ സംരംഭകൻ
1600072
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: കൈത്തറിയുടെ നാടായ കണ്ണൂരിനെ മറ്റു വ്യവസായ മേഖലകളിലേക്ക് കൈപിടിച്ചു നടത്തിച്ച ആദ്യകാല വ്യവസായ പ്രമുഖരിൽ ഒരാളെയാണ് കല്ലാളത്തിൽ ശ്രീധരന്റെ നിര്യാണത്തോടെ നഷ്ടമാകുന്നത്. സാധാരണക്കാരനിൽ നിന്ന് സ്ഥിരോത്സാഹം കൊണ്ടും കഠിന പരിശ്രമം കൊണ്ടും വ്യവസായമേഖലയിൽ തന്റേതായ ഇടം സ്വന്തമാക്കിയ സംരംഭകൻ കൂടിയാണ് ഇദ്ദേഹം. ഹോട്ടൽ, സിനിമാ തിയറ്റർ, ഡിസ്റ്റിലറി, ഔഷധ നിർമാണ-വിതരണം, തുണിയുത്പാദനം, ആശുപത്രി എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ ശൃംഖലകൾ.
കവിത തിയറ്ററിലൂടെ സിനിമാ ആസ്വാദകർക്കായി കണ്ണൂരിൽ ആദ്യ എയർകണ്ടീഷൻഡ് തിയറ്റർ ഒരുക്കിയത് കല്ലാളത്തിൽ ശ്രീധരനാണ്.
മുൻ മുഖ്യമന്ത്രിമാരായ ഇ.കെ.നായനാർ, ഉമ്മൻചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി ബേബി ജോൺ എന്നിവരുമായി വളരെയേറെ അടുപ്പമുണ്ടായിരുന്നു. സംസ്ഥാന-ദേശീയതലത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും മന്ത്രിമാരുമായും ബന്ധമുള്ളപ്പോൾ തന്നെ തന്റെ വ്യവസായ ആവശ്യങ്ങൾക്കായി ഈ ബന്ധങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നത് വ്യക്തി ജീവിതത്തിൽ ഇദ്ദേഹം പുലർത്തി പോന്ന ആദർശ ശുദ്ധിയുടെ തെളിവാണ്.
സിനിമാ മേഖലയിലുള്ളവരുമായും അടുത്ത ബന്ധമായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണൂരിലെത്തുന്ന സിനിമാക്കാർ താമസിച്ചിരുന്നത് പയ്യാന്പലത്തെ അദ്ദേഹത്തിന്റെ സേവോയി ഹോട്ടലിലായിരുന്നു. ക്രിക്കറ്റ് സംഘാടകനുമായിരുന്നു. തന്നെ സമീപിക്കുന്നവർക്ക് കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ എന്നും സന്നദ്ധത കാട്ടിയ കല്ലാളത്തിൽ ശ്രീധരൻ കണ്ണൂരിന്റെ സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവർക്കും കരുത്തായിരുന്നു.
കല്ലാളത്തിൽ ശ്രീധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ അനുശോചിച്ചു.