തലശേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു മുതൽ; ‘ഓള് വി ഇമാജിന്‍ ഏസ് ലൈറ്റ് ’ഉദ്ഘാടന ചിത്രം
1600068
Thursday, October 16, 2025 2:01 AM IST
തലശേരി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന തലശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്നു തിരിതെളിയും. ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ നടക്കുന്ന മേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന ചിത്രമായി കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്കാരം നേടിയ 'ഓള് വി ഇമാജിന്‍ ഏസ് ലൈറ്റ്' പ്രദര്‍ശിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാ റാണി, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍, ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍പേഴ്സനും സംവിധായകനുമായ കെ. മധു, നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എം. സ്നേഹ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാമത് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 55 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സരവിഭാഗത്തില്നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍നിന്നുള്ള 12 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍, 12 മലയാള ചിത്രങ്ങള്‍, ഏഴ് ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്കോപ്പ്, ഫിമേയ്ല്‍ ഗേസ്, ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, അര്‍മീനിയന്‍ ഫോക്കസ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഓരോ ചിത്രങ്ങള്‍ എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിബര്‍ട്ടി തിയേറ്റര്‍ പരിസരത്ത് ഒരുക്കിയ പവലിയനില്‍ 17,18 തീയതികളില്‍ ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും. ചലച്ചിത്രപ്രവര്‍ത്തകരും ഡെലിഗേറ്റുകളും സിനിമയിലെ സമകാലിക പ്രവണതകളെക്കുറിച്ചുള്ള ആശയസംവാദങ്ങളില്‍ പങ്കെടുക്കും. 17,18 തീയതികളില്‍ തലശേരി ജവഹര്‍ഘട്ടില്‍ കലാസാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, പ്രോഗ്രാം മാനേജർ എച്ച്. ഷാജി, പ്രദീപ് ചൊക്ലി, എസ്.കെ. അർജുൻ, സുരാജ് ചിറക്കര എന്നിവരും പങ്കെടുത്തു.