തെരുവു വിളക്കുകൾ കണ്ണടച്ചു; യാത്രക്കാർ ദുരിതത്തിൽ
1600062
Thursday, October 16, 2025 2:01 AM IST
ആലക്കോട്: തെരുവു വിളക്കുകൾ പ്രവർത്തനരഹിതമായത് യാത്രക്കാരെ ദുരിതത്തിലാക്കി. ആലക്കോട് അടക്കമുള്ള ടൗണുകളിലും മലയോര ഹൈവേയിലും പിഡബ്ള്യുഡി-പഞ്ചായത്ത് റോഡുകളിലും സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായത് യാത്രക്കാരെ ദുരിതത്തിലാക്കി.
പഞ്ചായത്തിന്റെ നേതൃത്വത്തിലും എംഎൽഎ-എംപി ഫണ്ടുകൾ ഉപയോഗിച്ചും സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും ഒരുവർഷത്തിലധികമായി പ്രവർത്തനരഹിതമാണ്.
ഇവ മാറ്റിസ്ഥാപിക്കാൻ കെഎസ്ഇബിയുടെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തെരുവുനായകളും കാട്ടുപന്നി അടക്കമുള്ള കാട്ടുമൃഗങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ രാത്രിയാത്ര ഏറെ ദുഷ്കരമാണ്.
അതിനിടെ പുതിയതായി ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ നിലവിലുള്ള കമ്പികൾക്ക് പകരം കേബിളുകൾ വലിക്കണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ പഞ്ചായത്തുകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
അതിനാൽ പുതിയ കണക്ഷനുകൾ നൽകുന്നതിൽ നിന്ന് പഞ്ചായത്തുകൾ പിന്നോട്ടു പോകുന്നതിന് കാരണമാകുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിച്ചിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണു നാട്ടുകാർ.