മുത്താറിക്കുളം സെന്റ് ജൂഡ് തീർഥാടന പള്ളി തിരുനാളിന് നാളെ തുടക്കം
1600059
Thursday, October 16, 2025 2:01 AM IST
പയ്യാവൂർ: മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന പള്ളിയിൽ 10 ദിവസത്തെ തിരുനാൾ ആഘോഷങ്ങളും നൊവേന സമർപ്പണവും നാളെ മുതൽ 26 വരെ നടക്കും.
നാളെ ഉച്ചകഴിഞ്ഞ് 3.45 ന് തീർഥാടനപ്പള്ളിയുടെ ചുമതല വഹിക്കുന്ന പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം തിരുനാൾ കൊടിയേറ്റും. വൈകുന്നേരം നാലിന് ജപമാല പ്രാർഥനയെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജോസ് കറുകപ്പറമ്പിൽ കാർമികത്വം വഹിക്കും.
25 വരെ എല്ലാ ദിവസവും വൈകുന്നേരം നാലുമുതൽ ജപമാല പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ജോസഫ് ചാത്തനാട്ട്, റവ.ഡോ. ജിനു വടക്കേമുളഞ്ഞനാൽ, ഫാ. വർഗീസ് കുന്നത്ത്, ഫാ. സതീഷ് കാഞ്ഞിരപ്പറമ്പിൽ, ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, ഫാ. ജോമൽ ഒഎഫ്എം കപ്പൂച്ചിൻ, റവ.ഡോ. ജോസ് മടപ്പാട്ട് എച്ച്ജിഎൻ, ഫാ. ജിന്റോ ഒഎഫ്എം കപ്പൂച്ചിൻ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
24 ന് വൈകുന്നേരം ദിവ്യകാരുണ്യ പ്രദക്ഷിണം. 25 ന് രാത്രി ഏഴിന് ചാമക്കാൽ സ്കൂളിനു സമീപം പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം. തുടർന്ന് പാച്ചോർ നേർച്ച. 26 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ റാസ കുർബാന, വചനസന്ദേശം എന്നിവയ്ക്ക് പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, ഊട്ടുനേർച്ച എന്നിവയോടെ തിരുനാളിനു കൊടിയിറങ്ങും.