യുവതലമുറകളെ ലഹരിയിൽനിന്ന് മോചിപ്പിക്കാൻ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കണം: ജഡ്ജ് ആർ.എൽ. ബൈജു
1600056
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: സമൂഹത്തോട് സ്നേഹവും വിശാലമായ സൗഹൃദവും അൽപം സാമ്പത്തികവുമുണ്ടെങ്കിൽ വളർത്തികൊണ്ടുവരാൻ പറ്റിയ വലിയ ഹോബിയാണ് സ്റ്റാമ്പ് ശേഖരണമെന്ന് കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ.എൽ. ബൈജു. കണ്ണൂർ പോസ്റ്റൽ ഡിവിഷൻ കണ്ണൂരിൽ സംഘടിപ്പിച്ച കണ്ണൂർ പെക്സ് -2025 സ്റ്റാമ്പ് എക്സിബിഷൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതലമുറകളിലെ ലഹരി പ്രേരണ മാറ്റിയെടുക്കാൻ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിച്ച് അവരെ വഴിതിരിച്ച് വിടാൻ ഇത്തരം പ്രദർശനങ്ങളിലൂടെ കഴിയണമെന്ന് ജഡ്ജി നിർദ്ദേശിച്ചു. ചടങ്ങിൽ നോർത്തൻ റീജിയൻ പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റാഷിദ് അധ്യക്ഷത വഹിച്ചു.
കണ്ടൽക്കാട് - സ്പെഷൽ കവർ പി.എം.ജി. ജഡ്ജിക്ക് നൽകി പ്രകാശനം ചെയ്തു. ജഡ്ജ് ആർ.എൽ. ബൈജുവിന്റെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് നോർത്തേൻ റീജിയൻ പോസ്റ്റൽ ഡയറക്ടർ വി.ബി. ഗണേഷ് കുമാർ ജഡ്ജ്ന് സമ്മാനിച്ചു.
പോസ്റ്റൽ ഡയറക്ടർ വി.ബി. ഗണേഷ് കുമാർ, എ.പി. എം.ജി. വിഷ്ണു അംബരീഷ്, കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി.കെ. മോഹനൻ, കണ്ണൂർ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ഡി. ഷൈനി, തലശേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി.സി. സജീവൻ എന്നിവർ പ്രസംഗിച്ചു. 100 ഫ്രെയിമുകളിലായ 1600 ലധികം സ്റ്റാമ്പുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
പ്രദർശന നഗരിയിൽ ഇന്ന് രാവിലെ 10 ന് ആറാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കത്തെഴുത്ത് മത്സരവും ഉച്ചകഴിഞ്ഞ് രണ്ടിന് ക്വിസ് മത്സരവും നടക്കും. ബർണശേരി ഇ.കെ.നായനാർ അക്കാദമി ഹാളിൽ ആരംഭിച്ച ദ്വിദിന സ്റ്റാമ്പ് പ്രദർശനം ഇന്ന് സമാപിക്കും.