ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുമായി പോയ കാർ മറിഞ്ഞു; വിദ്യാർഥിനി മരിച്ചു
1600070
Thursday, October 16, 2025 2:01 AM IST
കുറ്റിക്കോൽ: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാനായി സഹോദരൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ബേത്തൂർപാറ തച്ചാർകുണ്ടിലെ പരേതനായ ബാബു-വനജ ദന്പതികളുടെ മകൾ മഹിമ (19) യാണ് മരിച്ചത്. കാസർഗോട്ടെ സ്വകാര്യ നഴ്സിംഗ് കോളജിൽ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ മഹേഷും അമ്മ വനജയും ചേർന്ന് ഉടൻതന്നെ കെട്ടഴിച്ച് കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാർ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ പടിമരുതിൽ വച്ചാണ് നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞത്.
ഓടിക്കൂടിയ ആളുകൾ ഉടൻതന്നെ മൂന്നുപേരെയും പുറത്തെടുത്ത് മറ്റൊരു വാഹനത്തിൽ കയറ്റി കാസർഗോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മഹിമയുടെ മരണം സംഭവിച്ചിരുന്നു. മഹേഷും അമ്മ വനജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബേഡകം പോലീസ് കേസെടുത്തു.