കുട്ടാപറമ്പ്- നെടുവോട് പുഴയിൽ റഗുലേറ്റർ കം ബ്രിഡ്ജിനായി കാത്തിരിപ്പ്
1600058
Thursday, October 16, 2025 2:01 AM IST
ആലക്കോട്: രയറോം പുഴയിൽ കുട്ടാപറമ്പ്- നെടുവോട് പഴയ പാലത്തിന് സമീപം റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടായിട്ടും പരിഹാരമായില്ല. റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചാൽ നെടുവോട്, പരപ്പ, അളുമ്പ്, ചാത്തമംഗലം, മൂന്നാംകുന്ന്, കുട്ടാപറമ്പ് , പൂവംഞ്ചാൽ പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യത്തിനും ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങൾക്ക് ജലസേചനത്തിനും കൃഷിക്കും പ്രയോജനപ്പെടുകയും ചെയ്യും.
കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ചങ്ങാടം ഉപയോഗിച്ചായിരുന്നു ജനങ്ങൾ പുഴയുടെ മറുകരയിൽ എത്തിയിരുന്നത്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി മുള കൊണ്ടുള്ള പാലം നിർമിച്ചു. ജനങ്ങളുടെ നിരന്തരമായുള്ള ആവശ്യപ്രകാരം ആലക്കോട് പഞ്ചായത്ത് അഞ്ചു പതിറ്റാണ്ടു മുമ്പ് തൂക്കുപാലം നിർമിച്ചു നൽകി. കഴിഞ്ഞ 12 വർഷം മുമ്പ് വരെ എല്ലാ വർഷവും പാലം അറ്റകുറ്റപണി നടത്തി സംരക്ഷിച്ചിരുന്നു. പിന്നീട് തുക വകയിരുത്താതെ വന്നതോടെ തൂക്കുപാലം അസ്ഥികൂടമായി മാറി. മഴക്കാലത്ത് പുഴ കടക്കണമെങ്കിൽ ആദ്യ കാലത്തെ ചങ്ങാടത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
ആലക്കോട്, വായാട്ടുപറമ്പ്, കണിയംചാൽ, കാർത്തികപുരം, മണക്കടവ് പ്രദേശത്തെ ഹൈസ്കൂളിലേക്ക് വിദ്യാർഥികളടക്കം നൂറുക്കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന പ്രദേശം പാലം പോയതോടെ യാത്രാ സൗകര്യം പൂർണമായി അടഞ്ഞു.
ഇത് രണ്ടു പ്രദേശങ്ങൾ തമ്മിൽ ഒറ്റപ്പെട്ടു പോകുന്നതിനും കാരണമായി. നാലു കിലോമീറ്റർ യാത്ര ചെയ്താൽ ആലക്കോട് എത്തുന്ന സ്ഥാനത്ത് ഇപ്പോൾ 10 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് റെഗുലേർ കം ബ്രിഡ്ജ് നിർമിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തും ജി. സുധാകരൻ മന്ത്രിയായിരുന്ന കാലത്തും തിരുവനന്തപുരത്ത് നിന്നടക്കം ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പിന്നീട് റഗുലേറ്റർ കം ബ്രിഡ്ജിനായുള്ള ഒരു നീക്കവും നടന്നിട്ടില്ല.