വ്യാപാരി വ്യവസായി സമിതി ഇരിട്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
1600052
Thursday, October 16, 2025 2:01 AM IST
ഇരിട്ടി: അനിയന്ത്രിതമായ തെരുവ് കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരത്തിൽ നിന്നും പ്രകടനമായി എത്തിയാണ് പുന്നാട്ടെ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.
വലിയൊരു വിഭാഗം ലൈസൻസ് ഇല്ലാത്തവരാണ് തെരുവിൽ കച്ചവടം നടത്തുന്നതെന്നും കണ്ടെയ്നറിൽ ഉൾപ്പെടെ വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് മാനദണ്ഡവുമില്ലാതെയാണ് ഇപ്പോൾ വില്പന നടത്തുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. ലൈസൻസ് സംബന്ധമായ ആവശ്യങ്ങൾക്കായി എത്തുന്ന വ്യാപാരികളെ നഗരസഭയിലെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായും ആരോപിച്ചായിരുന്നു പ്രതിഷേധം.
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി. വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഒ. വിജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് ബാബു, ടോമി തോമസ്, വി. ഷാജി, ബിനു വരവുങ്കൽ, ഫക്രുദ്ദീൻ, പ്രമോദ് മാടത്തിൽ, അനൂപ് അനുദീപം, ഒ. സുധീഷ്, ബിനു മുട്ടത്തിൽ, അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു.