ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി
1600066
Thursday, October 16, 2025 2:01 AM IST
പഴയങ്ങാടി: ജില്ലയിലെ പ്രധാന മത്സ്യബന്ധന മേഖലയായ പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ നാലുപേരിൽ മൂന്നുപേരും മരിച്ചതിന്റെ ഞെട്ടലിലാണ് ഇവിടുത്തെ ഇതര സംസ്ഥാന ക്യാന്പുകളിലെ തൊഴിലാളികൾ. പത്തിന് പുലർച്ചെയാണ് ഒഡീഷ സ്വദേശികളായ തൊഴിലാളികൾക്ക് പാചകവാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന കോർദ്ര ബലിപത്ത ഭുസന്ത്പുരിലെ നിഘം ബഹ്റ (38), ബുഷാന്ത്പുർ സി.ടി. ന്യുവിലെ ശിബ ബഹ്റ(34), കോർദ്ര ഭുസന്ത്പുരിലെ സുഭാഷ് ബെഹ്റ (53) എന്നിവർ തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി.പൊള്ളലേറ്റ ജിതേന്ദ്ര ബെഹ്റ (30) തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുടെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് എത്താൻ സാധിക്കാത്തതിനാൽ മൂന്നുപേരുടെയും സംസ്കാരം കണ്ണൂർ പയ്യാന്പലത്താണ് നടത്തിയത്.
പുതിയങ്ങാടിയിലും പരിസരങ്ങളിലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന തരത്തിലാണ്. താമസിക്കുന്ന മുറികളിൽ തന്നെയാണ് പാചകം ചെയ്യുന്നതും. ഇതാണ്, പുതിയങ്ങാടിയിലുണ്ടായ അപകടത്തിൽ മരണനിരക്ക് കൂടാൻ കാരണം.