മാട്ടൂലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതം
1600524
Friday, October 17, 2025 8:01 AM IST
പഴയങ്ങാടി: മാട്ടൂലിൽ 22 പവനും ആറുലക്ഷം രൂപയും കവർന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പഴയങ്ങാടി ഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം, ഫോറൻസിംഗ് വിഭാഗം, ഡോഗ് സ്കോഡ് എന്നിവർ സംഭവം നടന്ന വിടും പരിസരവും വിശദമായി പരിശോധിച്ചു.
സ്ട്രീറ്റ് നമ്പർ 23 ൽ മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സി.എം.കെ ഹഫ്സത്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു മോഷണം. മോഷ്ടാക്കൾ താക്കോൽ എടുത്ത് അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടുകയായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
കാലങ്ങളായി സ്വരുക്കൂട്ടിയ സ്വർണവും സ്ഥലം വില്പന നടത്തിയതിലൂടെ ലഭിച്ച പണവുമാണ് നഷ്ടപ്പെട്ടത്. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ മോഷണം നടന്ന വീട് പരിശോധിച്ചു.