കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേള : ആദ്യദിനം പയ്യന്നൂരിന്റ കുതിപ്പ്
1600532
Friday, October 17, 2025 8:09 AM IST
നവാസ് മേത്തർ
തലശേരി: കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം പയ്യന്നൂര്‍ ഉപജില്ലയുടെ കുതിപ്പ്. 77 പോയിന്റുകള്‍ നേടിയാണ് പയ്യന്നൂർ മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിറകില്‍ 37.25 പോയിന്റുമായി മട്ടന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി തലശേരി സൗത്ത് മൂന്നാം സ്ഥാനത്തുമുണ്ട്. 26 പോയിന്റുള്ള കണ്ണൂര്‍ നോര്‍ത്താണ് നാലാം സ്ഥാനത്ത്. ഉച്ചകഴിഞ്ഞ് പെയ്ത മഴയെ തുടർന്ന് ജൂണിയർ ഗേൾസ് ഹൈംജംപ് മാറ്റി.
മീറ്റ് റിക്കാർഡുകൾ
ആദ്യദിനം മീറ്റ് റിക്കാർഡുകൾക്കും കുറവുണ്ടായില്ല. ഇന്നലെ ആറ് മീറ്റ് റിക്കാർഡുകളാണ് പിറന്നത്. അഞ്ചെണ്ണം വ്യക്തി ഗത ഇനത്തിലായിരുന്നുവെങ്കിൽ ഒരു റിക്കാർഡ് റിലേയിലായിരുന്നു. ജൂണിയര്‍ ബോയ്സ് ഷോട്ട്പുട്ടില്‍ കോളയാട് സെന്റ് കൊര്‍ണേലിയൂസ് എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി നിഷാല്‍ വി. ചന്ദ്രനാണ് 9.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയത്. ചെമ്പേരി നിര്‍മല എച്ച്എസ്എസ് വിദ്യാര്‍ഥി ജെറോല് ജോസ് കഴിഞ്ഞ വര്‍ഷം നേടിയ 9.53 റിക്കാർഡാണ് നിഷാല്‍ തകര്‍ത്തത്.
സീനിയര്‍ ബോയ്സ് ലോംഗ് ജംപില്‍ അഞ്ചരക്കരണ്ടി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി സി. ശിവദത്ത് 6.67 മീറ്റര്‍ ചാടി 2023 ല്‍ മട്ടന്നൂര്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വി.എം വിഷ്ണുവിന്റെ 6.39 എന്ന റിക്കാർഡ് തകര്‍ത്തു. സീനിയര്‍ ബോയ്സ് 400 മീറ്റര്‍ ഓട്ടത്തില്‍ തോട്ടട എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ സംഗീര്ഥ് വിനോദ് മീറ്റ് റിക്കാർഡിട്ടു. 49.75 സെക്കന്റിലാണ് റിക്കാർഡ്. 2017ല്‍ എളയാവൂര് സിഎച്ച്എംഎച്ച്എസ്എസിലെ പി.ജി. അഭിലാഷിന്റെ 52.09 സെക്കന്‍ഡ് റിക്കാർഡാണ് മറികടന്നത്.
ജൂണിയര്‍ ബോയ്സ് 400 മീറ്ററില്‍ കരിവെള്ളൂര്‍ എവിഎസ് ഗവ. എച്ച്എസ്എസിലെ കെ. അഭിനവ് 52. 20 സെക്കന്റില്‍ ഓടിയെത്തി റിക്കാർഡിട്ടു. 2017ല്‍ എളയാവൂര് സിഎച്ച്എം എച്ച്എസ്എസിലെ മുഹമ്മദ് ഷഹലിന്റെ 52.46 സെക്കന്റാണ് തകര്‍ത്തത്. ജൂണിയര്‍ ഗേള്‍സ് 400 മീറ്റര്‍ ഓട്ടത്തില്‍ തലശേരി സായിയിലെ ഇവാന ടോമി 57.50 സെക്കന്റില്‍ 2024 ലെ 59.53 സെക്കന്റ് എന്ന സ്വന്തം റിക്കാർഡ് മറികടന്നു. ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 4x100 മീറ്റര്‍ റിലേ മത്സരത്തില്‍ 55.41 സെക്കന്റില്‍ തലശേരി സൗത്ത് ഉപജില്ല മീറ്റ് റിക്കാർഡിട്ടു. 2009 ല്‍ ഇരിട്ടി ഉപജില്ലയുടെ 56.50 സെക്കന്റ് എന്ന റിക്കാർഡാണ് മറികടന്നത്. തലശേരി സെന്റ് ജോസഫ് എച്ചഎസ്എസിലെ കെ. ശ്രീനന്ദ, ഗവ. ടൗണ്‍ എച്ച്എസ്എസിലെ എവ്ലിന് മരിയ ചെറിയാന്, തിരുവങ്ങാട് എച്ച്എസ്എസിലെ എന്‍. വി. നിരഞ്ചന, കൊടുവള്ളി ഗവ. വൊക്കേഷന്‍ എച്ച്എസ്എസിലെ അമയാ സുനില്‍ എന്നിവരാണ് ടീമുണ്ടായിരുന്നത്.
കായികതാരങ്ങളായ കുട്ടികൾക്ക് ഷൂസുകൾ ഉറപ്പാക്കണം: സ്പീക്കർ
കണ്ണൂർ: കായികമേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഷൂസുകൾ ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂർ റവന്യു ജില്ലാ കായികമേള തലശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല കുട്ടികളും സാന്പത്തീക കാരണങ്ങളാൽ ഷൂസുകളില്ലാതെ നഗ്നപാദരായാണ് മത്സരിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ പിടിഎ മുൻകൈ എടുത്ത് ഷൂസുകൾ വാങ്ങി നൽകണം. ഇത്തരം നടപടികൾക്ക് ആവശ്യമായ മാർഗനിർദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ നടന്ന മട്ടന്നൂർ ഉപജില്ലാ കായികമേളയിൽ നഗ്നപാദരായി മത്സരിക്കാനെത്തിയ കുട്ടികൾക്ക് കാലിന് പൊള്ളലേറ്റ സാഹചര്യം ദയനീയമാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അത്യാവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ. ജമുനാറാണി അധ്യക്ഷത വഹിച്ചു.
കണ്ണൂർ ഡിഡിഇ ഡി. ഷൈനി പതാക ഉയർത്തി. 15 ഉപജില്ലകളിൽ നിന്നും തലശേരി സായി സെന്റർ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുമുള്ള 2600 കായിക താരങ്ങളാണ് ജില്ലാ കായികമേളയിൽ മാറ്റുരയ്ക്കുന്നത്. മൂന്നു ദിവസങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരങ്ങൾ.
ഉദ്ഘാടന ചടങ്ങിൽ ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി എ.കെ വിനോദ്കുമാർ, തലശേരി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശബാന ഷാനവാസ്, ടി.കെ. സാഹിറ, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ കെ. റസാഖ് എന്നിവർ പ്രസംഗിച്ചു.
കായികാധ്യാപകരുടെ പ്രതിഷേധം
തലശേരി: നിസഹകരണ സമരത്തിന്റെ ഭാഗമായി കായികമേള ഗ്രൗണ്ടിൽ കായികാധ്യാപകരുടെ പ്രതിഷേധം. കായികാധ്യാപകരുടെ സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് കായികാധ്യപകർക്ക് ലഭിക്കാനുള്ള കുടിശിക നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകർ നടത്തി വരുന്ന നിസഹകരണ സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധിച്ചത്. കെപിഎസ്പിടിഎ സംസ്ഥാന സെക്രട്ടറി പി.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.
തിളങ്ങി ഇവാന
തലശേരി: സ്വന്തം റിക്കാര്‍ഡ് തിരുത്തിയെഴുതി തലശേരി സായിയിലെ ഇവാന ടോമി തിളങ്ങി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് നേട്ടം. കഴിഞ്ഞവട്ടം 0.59 സെക്കന്റിനുള്ളില്‍ ഓടിയെത്തിയാണ് റിക്കാർഡിട്ടതെങ്കില് ഇത്തവണ 0.57 സെക്കന്റിനുള്ളിലാണ് ഓടിത്തീര്‍ത്തത്. കഴിഞ്ഞ തവണ 100 മീറ്റിലും റിക്കാര്‍ഡ് ഇവാനയ്ക്കായിരുന്നു. 800 മീറ്ററില്‍ സ്വര്‍ണവും നേടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100, 200 മീറ്റര്‍ മത്സരങ്ങളില്‍ മത്സരിക്കും. പടിയൂര്‍ കല്യാട് തിരൂരിലെ നിരപ്പേല്‍ എന്‍.ടി. ടോമി - ബിന്ദു ഫ്രാന്‍സിസ് ദന്പതികളുടെ മകളാണ്. സഹോദരന് ഐവിന് ടോമി.