ഉളിക്കൽ പഞ്ചായത്ത് എൻജി. വിഭാഗത്തിൽ വിജിലൻസ് റെയ്ഡ്; വെട്ടിപ്പുകൾ വ്യാപകം
1600531
Friday, October 17, 2025 8:09 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. കരാറുകാരിൽനിന്ന് ഗൂഗിൾപേ വഴിയും അല്ലാതെയും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ കൈപ്പറ്റിയതിന്റെ തെളിവ് വിജിലൻസിന് ലഭിച്ചു .
നാലു കരാറുകാരുടെ അക്കൗണ്ടിൽനിന്ന് ഓവർസിയർ, താത്കാലിക ക്ലാർക്ക് എന്നിവരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി പണം അയച്ചതായും ഇവർ മറ്റു ജീവനക്കാരുടെ അക്കൗണ്ടുകളി ലേക്ക് തുക മാറ്റിയതായും കണ്ടെത്തി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.
ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ ആറുമാസത്തെ ഗൂഗിൾ പേ കണക്കുകൾ പരിശോധിച്ചതി ലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. ഒരു കരാറുകാരൻ മാത്രം 1.50 ലക്ഷത്തിലധികം രൂപ ഗൂഗിൾ പേ വഴി കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. പരിശോധന വരും ദിവസങ്ങളിലും തുടരും. ആറു മാസത്തെ കണക്കുകൾ പരിശോധിച്ചതിലാണ് വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്. ഓവർസിയർക്ക് എതിരേ ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തിയത്.
കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫീസ് എൻജിനിയറിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാരി ഇത്തരത്തിൽ കരാറുകാരിൽനിന്നും ഗൂഗിൾ പേ വഴി വലിയ തുക കൈപ്പറ്റിയത് വിജിലൻസ് കണ്ടെത്തിയിരുന്നു.
വളപട്ടണം റിട്ട. ഗ്രേഡ് എഎസ് ഐ ആയിരുന്ന വ്യക്തി മണൽ കടത്തുകാരിൽ നിന്നുൾപ്പെടെ വലിയ തുക കൈപ്പറ്റിയിരുന്നതായും വിജിലൻസ് കണ്ടെത്തി കേസ് എടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഗൂഗിൾ പേ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് കണ്ടെത്തിയതോടെ സംശയ നിഴലിലുള്ള വരെ കേന്ദ്രീകരിച്ചും വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഉളിക്കലിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഉദ്യോഗസ്ഥർ രണ്ടുപേർ കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ കൂടുതൽ അന്വേഷണം നടത്തി ഇവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിജിലൻസ് അധികൃതർ പറയുന്നത്.
വിജിലൻസ് ഇൻസ്പെക്ടർ സി. ഷാജു, എഎസ്ഐ ശ്രീജിത്ത്, ഷിൻജു, സന്തോഷ്, ഗസറ്റഡ് ഓഫീസർ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് എഇ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾ അറിയിക്കേണ്ട നമ്പർ : 0497 2707778 .