കൈത്തറി മേഖലയിൽ രണ്ടാഴ്ചക്കകം ടാസ്ക് ഫോഴ്സ് രൂപീകരിക്കും: മന്ത്രി പി. രാജീവ്
1600530
Friday, October 17, 2025 8:09 AM IST
കണ്ണൂർ: കൈത്തറി മേഖലയിൽ ഉത്പാദനം മുതൽ വിപണനം വരെ ആധുനികവത്കരിക്കേണ്ടത് അനിവാര്യമണെന്നിരിക്കെ ഇതിനായി ഹാൻഡ്ലൂം ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. കണ്ണൂരിൽ നടന്ന സംസ്ഥാന കൈത്തറി കോൺക്ലേവിലെ ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്പാദനം, ഡിസൈന്‍, ഫിനാൻസ്, മാര്‍ക്കറ്റിംഗ്, സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന് ടാസ്ക് ഫോഴ്സ് നേതൃത്വം നൽകും. സഹകരണസംഘം തൊഴിലാളികള്‍ക്ക് എല്ലാ മാസവും സ്കൂള്‍ യൂണിഫോം തുണിയുടെ കൂലി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ റിവോള്‍വിംഗ് ഫണ്ട് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രീമിയം ഉത്പന്നങ്ങൾ നിർമിക്കാൻ സൗകര്യമുള്ള സഹകരണസംഘങ്ങളെ തെരഞ്ഞെടുത്ത് അവർക്ക് ആവശ്യമായ സാങ്കേതിക സാന്പത്തിക പിന്തുണ നൽകും.ഡിസൈന്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് വിദഗ്ധരുടെ സഹായം ഉറപ്പുവരുത്തും. കേരള കൈത്തറി ബ്രാന്‍ഡ് വിപുലപ്പെടുത്തുമെന്നും. ഭൗമസൂചിക ഉത്പന്നങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ നടന്ന കോൺക്ലേവിന്റെ ഉദ്ഘാടനം മ ന്ത്രി പി. രാജീവ് നിർവഹിച്ചു.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.കെ. ശൈലജ , എം. വിജിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇൻഡസ്ട്രീസ് ആൻഡ് കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, സംഘാടകസമിതി ചെയർമാൻ ടി.കെ. ഗോവിന്ദൻ, പത്മശ്രീ ജേതാവ് പി. ഗോപിനാഥൻ, കൈത്തറി തൊഴിലാളി യൂനിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, യു.കെ ജലജ, ടി.വി സുധ പങ്കെടുത്തു. സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.