ചീങ്കണ്ണി പുഴയ്ക്ക് മൂന്ന് അവകാശികൾ; ഒടുവിൽ സെറ്റിൽമെന്റ് ഇഷ്യു ആയി പ്രഖ്യാപിച്ച് കളക്ടർ
1600604
Saturday, October 18, 2025 1:24 AM IST
കേളകം: കേളകം പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയ്ക്ക് അവകാശികൾ ഏറിയതോടെ സെറ്റിൽമെന്റ് ഇഷ്യൂ ആയി പ്രഖ്യാപിച്ച് എന്റെ ഭൂമി പോർട്ടലിൽ അപ്ലോഡ് ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു.
ചീങ്കണ്ണി പുഴയുടെ അവകാശം കേളകം പഞ്ചായത്തിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.
നിലവിൽ കേളകം പഞ്ചായത്തിന്റെ അധീനതയിലായിരുന്നു പുഴ. എന്നാൽ റീസർവേയുടെ ഭാഗമായി പുഴ ആദ്യം ആറളം പഞ്ചായത്തിൽ ഉൾപ്പെടുത്തി അളന്ന് തിട്ടപ്പെടുത്തി. ഇരു പഞ്ചായത്തുകളുടെയും സർവേ നടപടി പൂർത്തിയാകുന്നതിന് അനുസരിച്ച് പുഴ കേളകം പഞ്ചായത്തിന്റെ അധീനതയിൽ വരും എന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇരുപഞ്ചായത്തുകളിലെയും സർവേ നടപടികൾ പൂർത്തിയായപ്പോൾ പുഴയുടെ അവകാശ തർക്കം ഉടലെടുത്തു.
ഇതിനിടയിൽ പുഴ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് വനം വകുപ്പ് കൂടി രംഗത്തെത്തി. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന് വനം വകുപ്പ് അധികൃതർ കത്തും നൽകി. നിലവിലെ സർവേ പ്രകാരം ആറളം വില്ലേജിന്റെ അധീനതയിലാണ് പുഴ.
ചീങ്കണ്ണി പുഴയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരിക്കുന്നത് കേളകം പഞ്ചായത്തിൽ കൂടെയാണ്. അതിനാൽ പുഴയുടെ ഇക്കരെയുള്ള കേളകം വില്ലേജിന്റെ റവന്യൂ ഭൂമി ആയിരുന്ന പ്രദേശം കൂടി ഇപ്പോൾ ആറളം വില്ലേജിന്റെ അധീനതയിലായി.
പുഴ പുറമ്പോക്കുമായി ബന്ധപ്പെട്ട തർക്കം റീസർവേ സമയത്ത് ഉയർന്നു വന്നപ്പോൾ സ്ഥലം സന്ദർശിച്ച തലശേരി സബ് കളക്ടർ അളവ് പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. പുഴയുടെ അവകാശം പൂർണമായും കൈക്കലാക്കാൻ വനം വകുപ്പ് ഇതിനിടയിൽ ഗൂഢശ്രമം നടത്തിയെന്നാണ് പുതിയ സൂചന.
പുഴ തങ്ങളുടെ അധീനതയിൽ ആകുന്നതോടുകൂടി പുഴയിൽ ഇറങ്ങാനുള്ള പ്രദേശവാസികളുടെ അവകാശവും ഇല്ലാതാക്കാനാവും. മാത്രമല്ല പുഴക്ക് ഇക്കരെയുള്ള റവന്യൂ ഭൂമി വനംവകുപ്പിന്റെ അധീനതലാകുന്നതോടെ റിസർവ് വനമായി മാറ്റാനും സാധ്യതയുണ്ട്.
റിട്ടയേഡ് സൈനികനെ പുഴയിൽ ചൂണ്ടയിട്ടതിന് അകാരണമായി കേസെടുക്കുകയും ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയും ചെയ്തതാണ് വനം വകുപ്പ്. ഇനി ആറളം വില്ലേജിലാണ് പുഴ പെടുന്നതെങ്കിൽ അതും ഭീഷിയാണ്. നിലവിൽ ആറളം വില്ലേജ് പരിധിയിലാണ് ആറളം വന്യജീവി സങ്കേതം.
വില്ലേജിന്റെ പരിധി വർധിക്കുന്നതോടെ വനത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ കഴിയും. കേളകം പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള പദ്ധതി ചീങ്കണ്ണി പുഴയിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.