തൊഴിലാളികളെ കയറ്റിവന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്
1600605
Saturday, October 18, 2025 1:24 AM IST
ഇരിട്ടി: വാണിയപ്പാറതട്ടിൽ മരം വെട്ടു തൊഴിലാളികളെ കയറ്റിവന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് കശുമാവിൻ തോട്ടത്തിലേക്കു മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. മരം വെട്ട് ജോലികഴിഞ്ഞ് തൊഴിലാളികളുമായി തിരിച്ചുവരികയായിരുന്ന ഓട്ടോ ടാക്സി വാണിയപ്പാറ തട്ട് ബ്ലാക്ക് റോക്ക് ക്രഷറിനു സമീപത്തെ വളവിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നാലുതവണ തലകീഴായി മറിഞ്ഞ വാഹനം മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
കരിക്കോട്ടക്കരി സ്വദേശികളായ അശോകൻ (56), സാബു (56), ഹരി (39), കൊട്ടുകപ്പാറ സ്വദേശികളായ കോഴിപറമ്പിൽ ബാലൻ (59), ഞാഞ്ഞിലത്ത് തൊമ്മൻ (54), ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി ഹരി (45) എന്നിവർക്കാണു പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തലയ്ക്കും തോളെല്ലിനും വാരിയെല്ലിനും പൊട്ടൽ സംഭവിച്ച് ഗുരുതരമായി പരിക്കേറ്റ അശോകൻ, സാബു, ബാലൻ എന്നിവരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. മറ്റു മൂന്നുപേരുടെയും പരിക്കുകൾ ഗുരുതരമല്ല.