അനന്ദു അജിയുടെ മരണം: ഡിവൈഎഫ്ഐ ജാഗ്രത സദസ് സംഘടിപ്പിച്ചു
1600608
Saturday, October 18, 2025 1:24 AM IST
പയ്യന്നൂർ: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അനന്ദു അജിയുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന ജാഗ്രത സദസ് സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായ് സ്ക്വയർ പരിസരത്ത് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു.
ആർഎസ്എസ് ശാഖയിൽ നിന്ന് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗീക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്പ് അനന്തു ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചതെന്ന് സരിൻ ശശി പറഞ്ഞു. എത്ര മാത്രം അകറ്റി നിർത്തേണ്ട ആശയവും പ്രവർത്തിയുമാണ് ആർഎസ്എസ് മുന്നോട്ടു വയ്ക്കുന്നതെന്ന് അനന്തു ജീവിതം അവസാനിപ്പിക്കുംമുമ്പ് കുറിച്ചിരിക്കുന്നു.
സഹജീവി സ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കിയും മനുഷത്വം ഇല്ലാത്തവരാക്കിയും മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ എത്താതിരിക്കാൻ കൂടുതൽ ജാഗ്രത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അനന്തുവിന്റെ മരണത്തിൽ അന്വേഷണം നടത്തി ഘാതകരായ ആർഎസ്എസ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന ആവശ്യവ്യമായി സംഘടിപ്പിച്ച പരിപാടിയിൽ സി.വി. റഹിനേജ് അധ്യക്ഷത വഹിച്ചു. വി.കെ. നിഷാദ്, പി.പി. അനീഷ, സി. ഷിജിൽ, ടി.സി.വി. നന്ദകുമാർ, കെ. മനുരാജ്, പി. ഷിജി എന്നിവർ പ്രസംഗിച്ചു.