പയ്യന്നൂർ ഉപജില്ലാ കലോത്സവം 22 മുതൽ 25 വരെ രാമന്തളിയിൽ
1600614
Saturday, October 18, 2025 1:25 AM IST
പയ്യന്നൂർ: 29 വർഷങ്ങൾക്കുശേഷം രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെടുന്ന 64ാമത് പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സംഘാടക സമിതി. 22 മുതൽ 25 വരെ നടക്കുന്ന കലാമേളയിൽ എട്ടിക്കുളം മുതൽ രാജഗിരി വരെയുള്ള പയ്യന്നൂർ ഉപജില്ലയിലെ 96 വിദ്യാലയങ്ങളിൽ നിന്നായി 1200 ഓളം പ്രതിഭകൾ നാലു ദിവസങ്ങളിലായി മാറ്റുരക്കും.
13 വേദികളാണ് ഇവിടെ മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നൽകാനായി വിശാലമായ ഒരു ഭക്ഷണപ്പുരയാണ് ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതിക്ക് സഹായകമായി 17 സബ് കമ്മിറ്റികളാണു കലോത്സവ വിജയത്തിനായി പ്രവർത്തിച്ചുവരുന്നത്.
നാളെ വൈകുന്നേരം നാലിന് കുന്നത്തെരു ചിദംബരനാഥ് സ്കൂളിൽ നിന്ന് കലോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബരജാഥ നടത്തുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ വി. ഷൈമ, ജനറൽ കൺവീനർ ടി.വി. സചിൻകുമാർ, കെ.വി. സുരേന്ദ്രൻ, ഒ.കെ. ശശി, കെ. ശശീന്ദ്രൻ, വി. പ്രമോദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.