പ്രാപ്പൊയിലിന്റെ പവറിൽ പയ്യന്നൂരിന് കിരീടം
1601080
Sunday, October 19, 2025 8:11 AM IST
തലശേരി: ജില്ലാ കായിക മേളയില്‍ പ്രാപ്പൊയില്‍ സ്കൂളിന്റെ പവറിൽ പയ്യന്നൂര്‍ ഉപജില്ല തുടര്‍ച്ചയായി ചാന്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. എതിരാളികള്‍ക്കു പോലും പിന്തുടരാന് കഴിയാതെ 27 സ്വര്‍ണവും 16 വെള്ളിയും16 വെങ്കല്ലവും കരസ്ഥമാക്കി 230 പോയിന്റുകള്‍ നേടിയാണ് പയ്യന്നൂർ കിരീടം നിലനിര്‍ത്തിയത്. ഒമ്പത് സ്വര്‍ണവും ഏഴു വെള്ളിയും ഒമ്പതു വെങ്കല്ലവുമായി 81.25 പോയിന്റുള്ള മട്ടന്നൂര്‍ ഉപജില്ല രണ്ടാംസ്ഥാനവും, ആറ് സ്വർണവും 10 വെള്ളിയും 12 വെങ്കല്ലുമായി 74 പോയിന്റോടെ ഇരിട്ടി ഉപജില്ല മൂന്നാമതെത്തി.
11 സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കല്ലവുമായി 68 പോയിന്റിനേടി സ്കൂള്‍ തലത്തില്‍ പയ്യന്നൂര്‍ പ്രാപ്പൊയില്‍ ഗവ. എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒന്നാമതായി. പയ്യന്നൂര്‍ ഉപജില്ലയ്ക്ക് തുടര്‍ച്ചയായി കിരീടം നിലനിര്‍ത്താന്‍ പ്രാപ്പൊയില്‍ സ്കൂളിന്റെ പോരാട്ടം നിര്‍ണായകമായി. എട്ട് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കല്ലവുമായി 51 പോയിന്റുമായി മട്ടന്നൂര്‍ എച്ച്എസ്എസ് രണ്ടാംസ്ഥാനവും, ആറ് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കല്ലവുമായി 35 പോയിന്റുകള്‍ നേടി കരിവെള്ളൂര്‍ എ.വി.എസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്നു ദിനങ്ങളിലായി നടന്ന കായിക മേളയില്‍ 22 റിക്കാർഡുകളാണ് പഴങ്കഥയായത്.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും തലശേരി നഗരസഭ വൈസ് ചെയര്മാന് എം.വി. ജയരാജന് നിര്‍വഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളായ കെ.എം. ശ്രീശന്, ടി.വി. റാഷിദ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. ശകുന്തള, കണ്ണൂര്‍ ആര്‍ഡിഎസ്ജിഎ സെക്രട്ടറി എന്‍.പി. ബിനീഷ്, തലശേരി നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
സമാപനദിനത്തില്‍ റിക്കാർഡ് മഴ
തലശേരി: ജില്ലാ റവന്യൂ സ്കൂള്‍ കായികമേളയുടെ സമാപനദിനത്തില്‍ പിറന്നത് 10 മീറ്റ് റിക്കാർഡുകള്‍. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കൂത്തുപറമ്പ് റാണി ജയ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി വി.വി മുഹമ്മദ് ജസാഹ്. 35.15 മീറ്റര്‍ എറിഞ്ഞാണ് മീറ്റ് റിക്കാർഡ് തകര്‍ത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ മാത്തില്‍ ഗവ.
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി പി.വി നിരഞ്ജന 15 മിനിറ്റ് 26.44 സെക്കന്‍ഡിലാണ് റിക്കാർഡ് മറികടന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജന്പിൽ കുതിപ്പുമായി പേരാവൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലെ അല്ബിന് ഇമ്മാനുവല്‍ ഷൈജന്‍. 2014 ല്‍ കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ വി. രാഹുലിന്റെ 13.31 മീറ്റര്‍ നേട്ടമാണ് ആല്ബിന് തിരുത്തിയത്. 13.54 മീറ്ററാണ് പുതിയ നേട്ടം. പേരാവൂര്‍ ചേരുംതടത്തില്‍ സി. ഷൈജന്റേ യും സിജിയുടെയും മകനാണ് ആല്ബിന്.
മൂന്ന് റിക്കാർഡുകളുടെ തിളക്കത്തിലാണ് കരിവള്ളൂര്‍ എവിഎസ്ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി കെ. അഭിനവ്. ജൂണിയര്‍ വിഭാഗം 400 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് നേട്ടം കൊയ്തത്. പയ്യന്നൂര്‍ കണ്ടോത്ത് കാഞ്ഞിരക്കില് കെ. വിജയ കുമാറിന്റെയും ടി. പ്രവീണയുടെയും മകനാണ്.
സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ റിക്കോർഡിട്ട് മമ്പറം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ബി.കെ അന്‍വിക. 34.75 മീറ്റര്‍ ആണ് പുതിയ റിക്കാർഡ്. ആണ്‍കുട്ടികളുടെ ജൂണിയര്‍ ബോയ്സ് ത്രിപ്പിള്‍ ജംപ് മത്സരത്തില്‍ ജിഎച്ച്എസ്എസ് പ്രപൊയില് 10 ക്ലാസ് വിദ്യാര്‍ഥി അഭിനവ് മനോജ് 13.01 സെക്കൻഡില്‍ റിക്കാർഡ് നേടി.
സബ് ജൂണിയര്‍ ബോയ്സ് 200 മീറ്റര്‍ ഓട്ടത്തില്‍ തിരുവങ്ങാട് ഗവ എച്ച്എസ്എസിലെ കെ.കെ ഇഷാന് മീറ്റ് റിക്കാർഡോടെ സ്വര്‍ണം നേടി. സീനിയര്‍ ബോയ്സ് 400 മീറ്റര്‍ ഹഡില്‍സില്‍ തോട്ടട എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിലെ സങ്കീര്‍ത്ത് വിനോദ് 54.3 സെക്കൻഡ് കൊണ്ട് മീറ്റ് റിക്കാർഡ് മറികടന്നു.
സീനിയര്‍ ബോയ്സ് 200 മീറ്റര്‍ ഓട്ടത്തില്‍ മമ്പറം എച്ച്എസ്എസിലെ എ.എം ഷാരോണ്‍ കൃഷ്ണ 22.59 സെക്കൻഡ് കൊണ്ട് മോറാഴ ജിവിഎച്ച്എസ്എസിലെ പി.പി വിനീത് 2012 ല്‍ സ്ഥാപിച്ച 22.75 എന്ന മീറ്റ് റിക്കോർഡ് മറികടന്നു.ജൂണിയർ ഗേൾസ് 200 മീറ്റർ ഓട്ടത്തിൽ തലശേരി സായിയിലെ 25. 16 സെക്കൻഡ് മീറ്റ് റിക്കാർഡിട്ടു. സായിയിലെ തന്നെ ഡെൽന ഫിലിപിന്റെ 26. 48 സെക്കൻഡാണ് തിരുത്തിയത്.