കെ സ്മാർട്ടിന്റെ പേരിൽ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്നു: കോർപറേഷൻ കൗൺസിൽ
1601053
Sunday, October 19, 2025 7:58 AM IST
കണ്ണൂർ: കെ സ്മാർട്ട് സോഫ്റ്റ്വെയർ നടപ്പാക്കിയതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർധിച്ചെന്നു വരുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വരുമാനത്തെ സർക്കാർ ഉത്തരവിലൂടെ കൊള്ളയടിക്കുകയാണെന്ന് കൗൺസിൽ യോഗം. വരുമാനത്തിന്റെ 2.5 ശതമാനം സോഴ്സ് ഓട്ടോ ഡിഡക്ഷൻ വഴി ഐകെഎമ്മിന് ലഭ്യമാക്കുന്ന നടപടി അംഗീകരിക്കുകയില്ലെന്നും കോടതിയെ സമീപിക്കുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
ലേബർ വകുപ്പിന്റെ ചുമതലയിലുള്ള ലേബർ സെസ് പിരിച്ചെടുക്കുന്ന തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ഒരു ശതമാനം തുക തദ്ദേശസ്ഥാപനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഒരു ശതമാനം തുകയും ഐകെഎമ്മിന് എന്ന നിലക്ക് ഉത്തരവ് തിരുത്തുകയും ചെയ്തിട്ടുണ്ട്.സർക്കാരിന്റെ ഈ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
വികസന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ കഷ്ടപ്പെടുന്ന പല തദ്ദേശസ്ഥാപനങ്ങളും ഉണ്ട് . ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയുടെ ഒരു ഭാഗമായി ഇതിനെ കാണേണ്ടിവരു മെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
യോഗത്തിൽ ഡപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. രാഗേഷ്, എം.പി. രാജേഷ്, വി.കെ. ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.ഒ. മോഹനൻ, കെ.പി. അബ്ദുൾ റസാഖ്, എൻ. സുകന്യ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.