ഓൺലൈൻ തട്ടിപ്പ്: നഷ്ടമായത് അഞ്ചേമുക്കാൽ ലക്ഷം
1601075
Sunday, October 19, 2025 8:11 AM IST
പയ്യന്നൂർ: രണ്ടുപേരിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ അഞ്ചേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതികളിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കോറോം സ്വദേശി സ്വാസ്തിക് നാരായണൻ, ഏഴിമല നാവിക അക്കാഡമിയിലെ ജീവനക്കാരൻ സൗമ്യ രാജൻ ദാസ് എന്നിവരുടെ പരാതികളിലാണ് പോലീസ് കേസെടുത്തത്.
ഇൻസ്റ്റാഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു സ്വാസ്തിക് നാരായണനെ ചതിച്ചത്. തട്ടിപ്പുകാർ നൽകിയ ടാസ്കുകൾ ചെയ്തതിലൂടെ കഴിഞ്ഞ ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി ഇയാളുടെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാരിലേക്ക് ഒഴുകിപ്പോയത് 2,52,000 രൂപയാണ്. ഇതേ തുടർന്നാണ് മുതലും വാഗ്ദാനം നൽകിയ ലാഭവും നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.
ആർബിഎൽ ക്രെഡിറ്റ് കാർഡ് വിഭാഗം കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ സന്ദേശമാണ് നാവിക അക്കാഡമി ജീവനക്കാരനെ കുടുക്കിയത്. ഫോണിലൂടെ അയയ്ക്കുന്ന ഫയൽ ഇൻസ്റ്റാൾ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഈ ഫയൽ ഇൻസ്റ്റാൾ ചെയ്തപ്പോഴേക്കും പരാതിക്കാരന്റെ രണ്ടു ക്രെഡിറ്റ് കാർഡുകളിലുണ്ടായിരുന്ന 3,28,663 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.