ആവേശം വിതറി രാഹുല്‍ഗാന്ധി
1417331
Friday, April 19, 2024 1:48 AM IST
കണ്ണൂര്‍: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തിയത് പ്രവർത്തകരെ ആവേശകൊടുമുടിയിലാക്കി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന യുഡിഎഫ് മഹാസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ 11.50 ഓടെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററിൽ 12.13ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തി. തുടർന്ന് കാറിൽ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ എത്തിയ രാഹുലിന് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കനത്ത ചൂടിലും രാഹുൽ ഗാന്ധിയെ കാണാൻ ആവേശം ചോരാതെ കാത്തുനിന്നത്. സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ ഹാളിലായിരുന്നു പ്രവർത്തകരും നേതാക്കളും. ഒരു മണിക്കൂറിലധികം വൈകിയെത്തിയ രാഹുലിനെ വേദിയിലേക്ക് മുദ്രാവാക്യം വിളികളോടെയാണ് ആനയിച്ചത്.
കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ, കാസര്‍ഗോഡ് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷാജി, വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ പ്രസംഗിച്ചു.
സജീവ് ജോസഫ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെപിസിസി അംഗങ്ങളായ ടി.ഒ. മോഹനൻ, കെ. പ്രമോദ്, യുഡിഎഫ് ചെയർമാൻ പി.ടി.മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.