കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയ കലയിലെ അപൂർവ പ്രതിഭ: മധുപാൽ
1246966
Thursday, December 8, 2022 11:27 PM IST
കൊട്ടാരക്കര: അഭിനയകലയിലെ അപൂർവ പ്രതിഭയായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായരെന്ന് നടനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു.
നാടകമായാലും ചലച്ചിത്രമായാലും അഭിനയിക്കുന്ന കഥാപാത്രത്തിന്റെ മനസും ശരീരവും ആത്മാവുമറിഞ്ഞ നടനമികവിന്റെ പൂർണതയായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീനെന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിനെ ലോക സിനിമയിലെ നടന്മാർക്കൊപ്പം നിർത്താനെന്നും മധുപാൽ കൂട്ടിച്ചേർത്തു.ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി. എൻ. ഗംഗാധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭാ ചെയർമാൻ ശ്രീ.എ.ഷാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ ഉചിതമായ രീതിയിൽ അനാച്ഛാദനം ചെയ്യുന്നതിന് താൻ എതിരല്ല എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി നടക്കുന്ന അവഹേളനത്തെ അദ്ദേഹം അപലപിച്ചു. ഉചിതമായ സ്ഥലം ലഭിച്ചാൽ കൊട്ടാരക്കര ശ്രീധരൻ നായർ സ്മാരകം പണിയുവാൻ കെഎസ്എഫ്ഡി സി സഹായം നൽകുമെന്ന് അതിന്റെ ഡയറക്ടർ കൂടിയായ അമ്പലക്കര അനിൽകുമാർ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.സമ്മേളനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച യുവ പ്രതിഭകളെ അദ്ദേഹം പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര ജേതാവ് ചവറ കെ.എസ്. പിള്ള, ശില്പി ബിജു ചക്കുവരയ്ക്കൽ, കാക്കാരശി കലാകാരൻ ശിവവിലാസം തുളസി താമരക്കുടി, രാജീവ് പെരുംകുളം, സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എബ്രഹാം കരിക്കം, റിട്ട. അധ്യാപിക കമലഭായി, എന്നിവരെ മധുപാൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ജി കലാധരൻ, കുമാരി കനകലത, ഉണ്ണികൃഷ്ണമേനോൻ, എ ഷാജി, സൈനുലാബുദീൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് കുമാരി കനകലത നേതൃത്വം നൽകി.
കൊട്ടാരക്കര ശ്രീധരൻ നായരുടെ വ്യത്യസ്ത കഥാപാത്രങ്ങളെ ആസ്പ ദമാക്കിയുള്ള അത്യാകർഷകമായ ഫിഗർ ഷോ തുളസി താമരക്കുടിയും സംഘവും അവതരിപ്പിച്ചു.