പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നൽകാതെ ഗ്രാമപഞ്ചായത്ത്
1261554
Tuesday, January 24, 2023 1:01 AM IST
ചാത്തന്നൂർ: തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി നിർമിച്ച കെട്ടിടത്തിന് അനുമതി നൽകാതെ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്. ചാത്തന്നൂർ കോഷ്ണകാവ് ശിവഗംഗയിൽ സുരേഷ് പരമേശ്വരനാണ് ദുരവസ്ഥയിൽ വലയുന്നത്.
വിദേശത്ത് ജോലി ചെയ്തു സമ്പാദിച്ച സമ്പാദ്യവും വായ്പയുമടക്കം ലക്ഷങ്ങൾ മുടക്കിയാണ് ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് എതിർവശത്ത് വാങ്ങിയ ഭൂമിയിൽ കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിന് ആണ് പഞ്ചായത്ത് അധികൃതർ അനുമതി നൽകാതെ ഒളിച്ചു കളിക്കുന്നത്.
എല്ലാവിധ രേഖകളും ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥർ മുടന്തൻ തടസവാദങ്ങൾ ഉന്നയിച്ചു കൊണ്ട് അനുമതി നൽകുന്നത് മന:പൂർവം വൈകിപ്പിക്കുകയാണ്. ഗ്രാമപഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് അപ്രൂവ് ചെയ്തു കൊടുത്ത സ്കെച്ചും പ്ലാനും പ്രകാരം നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിനാണ് ലൈസൻസ് കൊടുക്കാതെ പഞ്ചായത്തിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലപേശുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്, സെകട്ടറി, അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവരുടെ സാന്നിധ്യത്തിൽ സൈറ്റിൽ വച്ച് തന്നെ പഞ്ചായത്ത് നൽകിയ അളവുകളും സെക്ച്ചും പ്ലാനും ഇവയെല്ലാം അളന്ന് ബോധ്യപെടുത്തിയിട്ടും ലൈസൻസ് കൊടുക്കാതെ പഞ്ചായത്ത് അധികൃതർ ഒളിച്ചു കളിക്കുകയാണ്.
കഴിഞ്ഞ നവംബറിലാണ് നിർമാണം പൂർത്തിയായ കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ പഞ്ചായത്തിൽ കൊടുത്തത്. ഓവർസിയർ എത്തി സ്ഥല പരിശോധന ചെയ്തു. അതിർത്തി കല്ല് ഉണ്ടായിട്ടും ഇല്ലാ എന്ന് റിപ്പോർട്ട് എഴുതി. തുടർന്ന് വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുത്തു. രണ്ടാമത് അളന്നു തിട്ടപ്പെടുത്തി. മറുപടി കൊടുത്തു കല്ലുകൾ യഥാസ്ഥലത്ത് തന്നെ ഉണ്ട് എന്ന് ബോധ്യപ്പെടുത്തിയിട്ടും വീണ്ടും കൊടുത്ത അപേക്ഷ യിൽ പഞ്ചായത്ത് ഓവർസിയർ വില്ലേജിലെ സ്കെച്ച് വേണമെന്ന ആവശ്യം.
തുടർന്ന് വില്ലേജ് ഓഫിസർ അളന്നു തിട്ടപ്പെടുത്തിയ സ്കെച്ച് കൊടുത്തപ്പോൾ പിന്നെ ആവശ്യം ബി ടി ആർ വില്ലേജിൽ നിന്നും വേണം, അതും കൊടുത്തപ്പോൾ അടുത്ത തടസവാദവുമായി ഓവർസിയർ. സ്കെച്ച് വ്യക്തമല്ല എന്ന വാദം ഉന്നയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ നേരിട്ട് എത്തി വ്യക്തമാക്കി സ്കെച്ച് കൊടുത്തിട്ടും പെർമിറ്റ് നൽകിയില്ല. കച്ചവടം നടത്തി ജീവിക്കാനുള്ള സുരേഷ് പരമേശ്വരന്റെ സ്വപ്നങ്ങൾക്ക് തടയിടുകയാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതർ.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണേണ്ട രീതിയിൽ കാണാത്തതാണ് ഈ ദുര്യോഗത്തിന് കാരണമെന്ന് നാട്ടുകാർ പരിഹസിക്കുകയാണ്.