കുമ്പളം പോസ്റ്റ്ഓഫീസ് കെട്ടിട സമുച്ചയം ഉദ്ഘാടനവും ഭവനങ്ങളുടെ പ്രഖ്യാപനവും
1262794
Saturday, January 28, 2023 10:42 PM IST
കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി സ്കൂളിന് സമീപം പുതുതായി പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റേയും അതോടൊപ്പം നാടിനു സമർപ്പിക്കുന്ന പുതിയ പോസ്റ്റ് ഓഫീസ് മന്ദിരത്തിന്റേയും ഉദ്ഘാടനം എൻ. കെ. പ്രേമചന്ദ്രൻ എം പി നിർവഹിച്ചു.
ചടങ്ങിൽ കുണ്ടറ മേഖലയിൽ വിവിധ രംഗങ്ങളിൽ നിസ്തുല നേട്ടം കൈവരിച്ച വ്യക്തിത്വങ്ങളായ കൊല്ലം എംപി. എൻ. കെ. പ്രേമചന്ദ്രൻ, കുമ്പളം സെന്റ് മൈക്കിൽ ചർച്ച് ഇടവക വികാരി, ഫാ. ജോസ് സെബാസ്റ്റ്യൻ, കേരളാ സ്റ്റേറ്റ് മനുഷ്യാവകാശ കമ്മീഷൻ ഫോർമർ മെമ്പർ പ്രഫ. എസ്. വർഗീസ്, റിട്ട. ഹെഡ്മാസ്റ്റർ, എം. രാജു, കവയത്രി ഫില്ലിസ് ജോസഫ്, ആർട്ടിസ്റ്റ് എൻ. എസ്. മണി എന്നിവരെ ആദരിച്ചു.
വലിയവിള ചാരിറ്റബിൾ ഫൗണ്ടേഷൻ നേതൃത്വം കൊടുക്കുന്ന സെന്റ് ജോസഫ് ഹോംസിന്റെ നാലാമത്തെയും അഞ്ചാത്തെയും കാരുണ്യ ഭവനങ്ങളുടെ പ്രഖ്യാപനവും തദവസരത്തിൽ നടന്നു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ തെക്കേമുറിയിൽ കുഴിവിള വടക്കതിൽ രാജുവിനും കുടുംബത്തിനും വീടും വസ്തുവും പഴയാറ്റുമുറിയിൽ ധന്യ ഭവനത്തിൽ ധന്യ കെ. പി.യ്ക്കും കുടുംബത്തിനും വീടും അടുത്ത ജൂലൈ 15ന് പണിതീർത്ത് നൽകുമെന്ന് പ്രഖ്യാപിച്ചു.
കെട്ടിടത്തിന്റെ കൂദാശ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, ഫാ. സോളു കോശി രാജു എന്നിവരുടെ കാർമ്മികത്വത്തിൽ നിർവഹിച്ചു. ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി സ്മിതാ രാജൻ . ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്, പഞ്ചായത്തംഗം രമേഷ് കുമാർ, സുരേഷ് കുമാർ, പോസ്റ്റ് ഇൻസ്പെക്ടർ മനീഷ് എ.എസ്., മുളവന സബ് പോസ്റ്റു മാസ്റ്റർ കോശി ജോൺ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ജിംഷയ എസ്. എന്നിവർ പ്രസംഗിച്ചു.