പാലില്‍ മായം: നടപടി വേണമെന്ന് ജില്ലാ വികസന സമിതി യോഗം
1263062
Sunday, January 29, 2023 10:30 PM IST
കൊല്ലം: ചെക്ക് പോസ്റ്റ് വഴി കടത്തുന്ന മായംകലര്‍ന്ന പാല് പിടിച്ചെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്.
കൊല്ലം-തേനി ദേശീയപാത അലൈന്മെന്റ് തീരുമാനിക്കുന്നത് സംബന്ധിച്ച് എംപിമാരുടെയും എംഎല്‍എമാരുടെയും അടിയന്തിര യോഗം വിളിക്കണം.
പടിഞ്ഞാറേകല്ലടയില്‍ കല്ലടയാറിന്റെ തീരത്ത് റോഡ് ഇടിഞ്ഞുതാഴുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴായിരത്തോളം ഭിന്നശേഷിക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി നല്‍കണമെന്ന് പി.എസ് സുപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. പിഡബ്ല്യുഡിയുടെ അധീനതയിലുള്ള കുറ്റാലം വിശ്രമകേന്ദ്രം അറ്റകുറ്റപ്പണി നടത്തണം. റസ്റ്റ് ഹൗസിലെ റൂമുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങണം. അപകടാവസ്ഥയിലുള്ള കെഎപി കനാലിന്റെ തകര്‍ന്ന കൈവരികളടക്കമുള്ളവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ലഭിച്ച 1058 പരാതികളും പരിശോധിക്കണം എന്നും നിര്‍ദേശിച്ചു.
ഗ്രാമീണറോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് സി. ആര്. മഹേഷ് എംഎല്‍എ ആവശ്യപ്പെട്ടു. പുതിയകാവ്- ചക്കുവള്ളി- കാട്ടില്‍ കടവ് റോഡ് നിര്‍മാണം വേഗത്തിലാക്കണം. ആലപ്പാട് മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണം എന്നും ആവശ്യപ്പെട്ടു.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി പി. എസ്. സജിമോന്‍ ആവണീശ്വരത്ത് പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ടു.
കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്ഷന് ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ നല്കാന് നിര്‍ദേശം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
സബ് കളക്ടര്‍ മുകുന്ദ് ഠാക്കുര്‍, എഡിഎം ആര്. ബീന റാണി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.