മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടി: മേയര്‍
1263064
Sunday, January 29, 2023 10:30 PM IST
കൊല്ലം: മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. വലിച്ചെറിയല്‍മുക്ത കാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ബീച്ചിന് സമീപം പച്ചതുരുത്തില്‍ നിര്‍വഹിക്കുകയായിരുന്നു മേയര്‍.
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ജലാശയങ്ങളെ മലിനമാക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പ്രധാനസ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കും.
കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കും. കോര്‍പ്പറേഷനിലെ ഓരോ ഡിവിഷനിലേയും അഞ്ച് സ്ഥലങ്ങളാണ് കാമ്പയിന്റെ ഭാഗമായി ശുചീകരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നാട്ടുകാരുടെ സഹായത്തോടെ കൃഷി ആരംഭിക്കുമെന്നും മേയര്‍ അറിയിച്ചു.
കോര്പ്പറേഷന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര അധ്യക്ഷയായി. കൗണ്‍സിലര്‍ ടോമി നെപ്പോളിയന്, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.