കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസങ്ങളായി നടന്നുവന്ന കൊല്ലം പുസ്തകോത്സവം സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രന്ഥശാല പ്രവര്‍ത്തക യോഗം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വികെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രവും വളര്‍ച്ചയും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രഫ. ബി.ശിവദാസന്‍പിള്ള, എന്‍.ഷണ്മുഖദാസ് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകോത്സവത്തില്‍ അറുപത് പ്രസാധകര് പങ്കെടുത്തു. ജില്ലയിലെ എണ്ണൂറിലധികം വരുന്ന ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക ഗ്രാന്റ് ഇനത്തില്‍ ലഭിച്ച ഒന്നരകോടി രൂപയുടെ പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ വിറ്റഴിക്കപ്പെട്ടു. അന്‍പതിനായിരം രൂപ മുതല്‍ ഇരുപത്തി അഞ്ച് ലക്ഷം രൂപ വരെ വില്പന നടത്തിയ പ്രസാധകര് ഉണ്ട്. നോവല്‍ ചെറുകഥ, യാത്രാവിവരണം, ജീവചരിത്രം, ബാലസാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.