വൈദ്യുതി മുടക്കം പതിവ് : അലയമണിൽ വൈദ്യുതി വകുപ്പിനെതിരേ പ്രതിഷേധം ശക്തം
1335166
Tuesday, September 12, 2023 11:11 PM IST
അഞ്ചൽ : അലയമൺ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. മഴ പെയ്താൽ പിന്നീടുള്ള സമയങ്ങൾ വൈദ്യുതി കിട്ടാറെ ഇല്ലന്ന് നാട്ടുകാർ പറയുന്നു. ഇനി വൈദ്യുതി ലഭിച്ചാൽ തന്നെ ഒരു മണിക്കൂറിനിടെ പലവട്ടം തടസപ്പെടുകയും ചെയ്യും.
കരുകോൺ വൈദ്യുതി സെക്ഷൻ ഓഫീസിന്റെ കീഴിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. തുടർച്ചയായി വന്നുപോയി നിൽക്കുന്ന വൈദ്യുതി തകരാർ വീട്ടുപകരണങ്ങൾ അടക്കം നശിക്കുന്നതിന് ഇടയാക്കിയിട്ടും നാളിതുവരെ ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഉണക്ക് സമയങ്ങളിൽ ടച്ച് വെട്ടുന്നതിന്റെ പേരിൽ വൈദ്യുതി ഓഫ് ചെയുന്ന അധികാരികൾ കാറ്റും മഴയും വന്നാൽ അതെ ടച്ചിനെ പഴിചാരി തലയൂരും. നാളുകളായി അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാർ മഴയോ കാറ്റോ ഉണ്ടായാൽ പിന്നെ സ്ഥിരമാവുകയാണ്. ഗാർഹിക ഉപഭോക്താക്കളേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വ്യാപരികളാണ്.
വൈദ്യുതി മുടക്കത്തിനെതിരെ ഒരു വിഭാഗം വ്യാപരികൾ വലിയ പ്രതിഷേധം ഉയർത്തുമ്പോൾ പ്രദേശത്തെ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇക്കാര്യത്തിൽ മൗനം ഭജിക്കുകായാണ്.
തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കരുകോൺ കെ എസ് ഇ ബി ഓഫീസ് ഉപരോധം അടക്കം പ്രതിഷേധ പരിപാടികൾ ആലോചിക്കുകയാണ് നാട്ടുകാരും വ്യാപാരികളും. അതേസമയം സബ്സ്റ്റേഷനില്‍ നിന്നും ഉണ്ടാകുന്ന തകരാര്‍ മൂലമാണ് വൈദ്യുതി വിതരണത്തില്‍ തടസം നേരിടുന്നതെന്നാണ് കരുകോണ്‍ സെക്ഷന്‍ ഓഫീസ് അധികൃതരുടെ വാദം.
തെരുവ് വിളക്കുകൾ
ഒഴിവാക്കാൻ നിവേദനം
ചാത്തന്നൂർ : കട്ടച്ചൽ റോഡിൽ പ്ലാമൂട് ജംഗ്ഷനിൽ എംഎൽഎ. ഫണ്ട് ഉപയോഗിച്ചുള്ള ഉയരവിളക്ക് സ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്നതും ഇപ്പോൾ ആവശ്യമില്ലാത്തതുമായ വിളക്കുകൾ ഒഴിവാക്കിയിട്ടില്ല. ഇതുമൂലം വൈദ്യുതി ദുർവിനിയോഗവും നഷ്ടവും പഞ്ചായത്തിന് സാമ്പത്തിക നഷ്ടവും സംഭവിക്കുകയാണ്. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഇത്തരത്തിൽ അശ്രദ്ധയും അലംഭാവവും ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നും ആവശ്യമില്ലാത്ത വിളക്കുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ചാത്തന്നൂർ സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു.