മുഖാമുഖം 29ന്; തൊ ഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും
1395983
Tuesday, February 27, 2024 11:35 PM IST
കൊല്ലം :തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴില്‍മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നാളെ ജില്ലയില്‍.
മന്ത്രിസഭയൊന്നാകെ ജനസമക്ഷമെത്തിയ നവകേരള സദസിന്റെ തുടര്‍ച്ചകൂടിയായ പരിപാടി രാവിലെ 9:30 മുതല്‍ ഒന്നുവരെ ആശ്രാമം യൂനുസ് കണ്വെന്ഷന് സെന്ററില്‍ നടത്തും.
രണ്ടായിരത്തോളം തൊഴിലാളികളുമായും വിവിധ തൊഴില്‍മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച്ച.
മന്ത്രി വി .ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ. എന്‍ .ബാലഗോപാല്‍, കെ .ബി .ഗണേഷ് കുമാര്‍, ജെ .ചിഞ്ചുറാണി, എം .മുകേഷ് എം എല്‍ എ എന്നിവരാണ് മുഖ്യാതിഥികള്‍.
പത്മശ്രീ ഗോപിനാഥന് (കൈത്തറി), കെ .കെ. ഷാഹിന (മാധ്യമപ്രവര്‍ത്തക), രഞ്ജു രഞ്ജിമാര്‍ (മേക്കപ്പ് ആര്‍ട്ടിസ്റ്റ്), അരിസ്റ്റോ സുരേഷ് (സിനി ആര്‍ട്ടിസ്റ്റ്), ഷീജ (ചെത്ത്തൊഴിലാളി), രേഖ കാര്ത്തികേയന് (ആഴക്കടല്‍ മത്സ്യബന്ധനം), സുശീല ജോസഫ് (ഗാര്‍ഹികതൊഴിലാളി), ഒ വത്സലകുമാരി (കശുവണ്ടി തൊഴിലാളി), മുഹമ്മദ് നാസര്‍ (മോട്ടര്‍തൊഴിലാളി), ഷബ്ന സുലൈമാന്‍ (ആനപരിപാലനം) എന്നിവര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും.
തെരഞ്ഞെടുത്ത മറ്റു 40 പേര്‍ക്കും വിഷയങ്ങള്‍ അവതരിപ്പിക്കാനാകും. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് കൗണ്ടറുകള്‍ സഹായത്തിനുണ്ടാകും. വിപുല സൗകര്യങ്ങളാണ് വേദിയിലും പരിസരത്തുമായി ഒരുക്കിയിട്ടുള്ളത്.
വാഹനങ്ങള്‍ ആശ്രാമം മൈതാനത്ത് പാര്‍ക്ക് ചെയ്യാം. ആഹാരത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്, ലേബര്‍ കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന് തുടങ്ങിയവര്‍ പങ്കെടുക്കും.
അതത് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് സംവദിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കിടുന്നതിനൊപ്പം ഭാവിനന്മയ്ക്കുതകുന്ന നിര്‍ദേശങ്ങളും മുന്നോട്ട് വയ്ക്കാനാണ് അവസരം.