പോർട്ട് കൊല്ലത്ത് തീരസദസ് സംഘടിപ്പിച്ചു
1397081
Sunday, March 3, 2024 6:27 AM IST
കൊല്ലം: കെഎൽസിഎ പോർട്ട് കൊല്ലം യൂണിറ്റിന്റെആഭിമുഖ്യത്തിൽ ഗലീലി മൈതാനിയിൽ തീരസദസ് സംഘടിപ്പിച്ചു. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി തീരദേശ ജനത ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
തീരദേശ സർവേ നടന്നു കഴിഞ്ഞെങ്കിലും ബന്ധപ്പെട്ടവർ അതിൻ്റെ ഡിപിആർ പുറത്ത് വിടാൻ ഇതുവരെ തയാറായിട്ടില്ല. അധികാരി വർഗം എല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. പക്ഷേ നമ്മൾ ഇതെല്ലാം കണ്ട് ഉറങ്ങുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും ബിഷപ് പറഞ്ഞു.
കൊല്ലത്ത് ഇപ്പോൾ തന്നെ എത്ര ഹൈവേകളാണുള്ളത്. തീരത്തെ മക്കളുടെ നെഞ്ചിലൂടെയാണ് അടുത്തതായി തീരദേശ ഹൈവേ നിർമിക്കാൻ പോകുന്നത്. ഒരു സമൂഹത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിൽ.
പുലിമുട്ട് നിർമാണം കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. അതിന്റെ ഭയാനകമായ തിക്തഫലങ്ങളാണ് നാം ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യം വച്ച് ചിലർ സംസാരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതം തന്നെയാണെന്ന് തിരിച്ചറിയണം. നവകേരള സദസിലും ഇതൊക്കെ തന്നെയാണ് കണ്ടതെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് വി. പങ്ക്രാസ് അധ്യക്ഷത വഹിച്ച സദസിൽ രൂപത വികാർ ജനറൽ മോൺ. ബൈജു ജൂലിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി.പോർട്ട് ഇടവക വികാരി ഫാജാക്സൺ ജയിംസ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, വൈസ് പ്രസിഡന്റ് വിൻസി ബൈജു, അനിൽ ജോൺ ഫ്രാൻസിസ്, ബിജു ജോസി കരുമാഞ്ചേരി, ഫാ. ജോർജ് സെബാസ്റ്റ്യൻ, ലസ്റ്റർ കാർഡോസ്, കോർപറേഷൻ കൗൺസിലർ ജോർജ് ഡി. കാട്ടിൽ, ഫാ. ബി.ടി. അഖിൽ, ജോസഫ് കുട്ടി കടവിൽ, ജാക്സൺ ഫ്രാൻസിസ്, അജിതാ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.