ഭാരതത്തിൽ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം കൊ ണ്ടുവന്നത് നെഹ്രു: പ്രഫ. വി.ടി.രമ
1415813
Thursday, April 11, 2024 10:57 PM IST
പരവൂർ: ഭാരതത്തിൽ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം കൊണ്ടുവന്നത് ജവഹർലാൽ നെഹ്റുവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി. ടി. രമ പറഞ്ഞു. നെഹ്റുവിന്റെ പാത ഇന്നും പിന്തുടരുകയാണ് രാഹുൽഗാന്ധിയും കോൺഗ്രസും.
തത്വവും നയവും പരിപാടിയും എന്നേ ഉപേക്ഷിച്ചവരാണ് കോൺഗ്രസുകാർ. അവർക്കിന്ന് നിലനിൽപാണ് പ്രശ്നം. അതിനുവേണ്ടി എന്തും ചെയ്യുക എന്നതാണ് പുതിയ പരിപാടി. അതിന്റെ ഭാഗമായാണ് വയനാട്ടിൽ രാഹുൽ സ്വന്തം പാർട്ടി പതാക ഉപേക്ഷിച്ചു റോഡ്ഷോ നടത്തിയത്. എൻഡിഎ മുന്നണിയുടെ പരവൂരിൽ നടന്ന തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രഫ.വി.ടി. രമ.
കോൺഗ്രസിന്റെ ചരിത്രവും നേതാക്കളുടെ ജയപരാജയവും തമ്മിലുള്ള കണക്കെടുപ്പ് നടത്തിയാൽ ഉത്തർപ്രദേശിന് അതിന്റേതായ ചരിത്രമുണ്ട്. പ്രത്യേകിച്ച് നെഹ്റുകുടുംബത്തിന്റെ കണക്കെടുപ്പ് നടത്തിയാൽ അത് മുഴച്ചുനിൽക്കും. നെഹ്റുവും ഇന്ദിരയും രാജീവും സോണിയയും രാഹുലുമെല്ലാം ഉത്തർപ്രദേശിന്റെ സന്തതികളാണ്. റായ്ബറേലിയും അമേഠിയും ഉപേക്ഷിച്ച് അവർക്കൊരു കളിയില്ല. അമേഠിയിൽ കഴിഞ്ഞ തവണ തോറ്റ രാഹുൽ ഇപ്പോൾ അമേഠി പൂർണമായും ഉപേക്ഷിച്ച് രാഹുൽ തെരഞ്ഞത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണ്. അങ്ങിനെയാണ് ഇപ്പോൾ വീണ്ടും വയനാട്ടിലെത്തിയത്. ഇപ്പോൾ വയനാട്ടിൽ നിന്നും ഓടാൻ തയാറെടുക്കുകയാണെന്നും പ്രഫ. വി. ടി. രമ പറഞ്ഞു.
ജില്ലാ സെക്രട്ടറി പരവൂർ സുനിൽ അധ്യക്ഷനായിരുന്നു. സ്ഥാനാർഥി കൃഷ്ണകുമാറിന് ചടങ്ങിൽ സ്വീകരണം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി. ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.രോഹിണി, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ, അഡ്വ. കിഴക്കനേല സുധാകരൻ, അഡ്വ. കൃഷ്ണചന്ദ്രമോഹൻ, ബി.ഐ. ശ്രീനാഗേഷ്, പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ടൽ, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള, ഷൈമ, എസ്. സത്യപാലൻ, എന്നിവർ പ്രസംഗിച്ചു.