മഴക്കെടുതി: 19 വീടുകള്‍ക്ക് നാശനഷ്ടം
1425060
Sunday, May 26, 2024 7:16 AM IST
കൊല്ലം :ജില്ലയില്‍ മഴക്കെടുതിയില്‍ ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഒരു വീടാണ് പൂര്‍ണമായി തകര്‍ന്നത്. വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞദിവസം മുതല്‍ തുടരുന്ന 22 കുടുംബങ്ങളിലെ 82 പേരുണ്ട്. 25 പുരുഷന്മാര്, 37 സ്ത്രീകള്‍, 20 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടും.
മഴയ്ക്ക് നേരിയ ശമനം
കൊല്ലം: ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായി ചെയ്യുന്ന മഴയ്ക്കും കാറ്റിനും ഇന്നലെ നേരിയ ശമനം.
ഇന്നലെ രാവിലെ മുതൽ ജില്ലയിൽ എമ്പാടും മഴ പെയ്തെങ്കിലും എങ്ങും കാര്യമായി ശക്തി പ്രാപിച്ചില്ല. ഇടപെട്ടുള്ള ചാറ്റൽ മഴയാണ് അനുഭവപ്പെട്ടതെങ്കിലും കാറ്റ് കാര്യമായി ഉണ്ടായില്ല.
അതേ സമയം തീരദേശ മേഖലയിൽ കടൽ ഇപ്പോഴും പ്രക്ഷുബ്ധമാണ്.
മത്സ്യ തൊഴിലാളികൾ ഇന്നലെയും കടലിൽ പോയില്ല. എല്ലാ മത്സ്യബന്ധന ഹാർബറുകളും പൊതുവേ വിജനമായി കഴിഞ്ഞു. മത്സ്യ വിപണന മേഖലയും നിർജീവമാണ്. അതേ സമയം അവസരം മുതലെടുത്ത് ഇടനിലക്കാർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം ജില്ലയിൽ എത്തിക്കുന്നുമുണ്ട്. വിവിധ ട്രെയിനുകളിലും ഇത്തരത്തിൽ മത്സ്യം കൊണ്ടുവരുന്നുണ്ട്.മലവെള്ളപാച്ചിൽ ആരംഭിച്ചതിനാൽ കായൽ മത്സ്യബന്ധനത്തിനും തൊഴിലാളികൾ പോകുന്നില്ല. കായലുകളിൽ ജല നിരപ്പ് ഉയരുന്നു എന്ന് മാത്രമല്ല അടിയൊഴുക്കും ശക്തമാണ്.