കാറ്റും മഴയും; ജില്ലയിൽ വ്യാപകനാശം
1436721
Wednesday, July 17, 2024 6:44 AM IST
കൊട്ടാരക്കര: രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും കൊട്ടാരക്കര താലൂക്കിൽ നിരവധി വീടുകൾ തകർന്നു.മരങ്ങൾ വീണാണ് മിക്ക വീടുകളും തകർന്നിട്ടുള്ളത്. 21 വീടുകൾ ഭാഗികമായി തകർന്നതായിട്ടാണ് ഏകദേശ കണക്ക്.
കുളക്കട കിഴക്ക് മലപ്പാറ ഷാജി സദനത്തിൽ ലാസറിന്റെറെ വീട് ഭാഗികമായി തകർന്നു. അടുക്കളയുടെ ചിമ്മിനി ഭാഗമാണ് ഇടിഞ്ഞു വീണത്. മൈലം വിജയവിലാസത്തിൽ സുമതിയുടെ വീട് തകർന്നു.മരം വീണാണ് നാശനഷ്ടമുണ്ടായത്. കുളക്കട മുലപ്പാറ പൈനുംമൂട് വട്ടവിള വീട്ടിൽ ഫിലിപ്പിന്റെ വീടിനും മരം വീണ് നാശനഷ്ടമുണ്ടായി.
താഴത്തു കുളക്കട പുലരിയിൽ ഓമനയുടെ വീടിന്റെെ മേൽക്കൂര മരം കടപുഴകി വീണാണ് തകർന്നിട്ടുള്ളത്.എഴുകോൺ വാളായിക്കോട് നെടുത്താനത്ത് രാജീവന്റെ വീട് തേക്കുമരം പിഴുതു വീണ് നശിച്ചു.കലയപുരം പൂവറ്റൂർ കിഴക്ക് കൊച്ചു മoത്തിൽ മിനിയുടെ വീടും മരം വീണ് തകർന്നു. നിലമേൽ ആഴാന്നക്കുഴി പ്രിനി വിലാസത്തിൽ സതിയുടെ വീടും മരം വീണ് തകർന്നു. റവന്യു സംഘം സംഭവസ്ഥലങ്ങൾ സന്ദർശിച്ച് കണക്കെടുപ്പു നടത്തി വരുന്നു. ഇതിലും എത്രയോ മടങ്ങ് കാർഷിക നഷ്ടം സംഭവിച്ചിട്ടുള്ളതായി കർഷകർ പറയുന്നു. കൃഷി വകുപ്പും പരിശോധനകൾ നടത്തി വരുന്നു.
കിഴക്കേ കല്ലടയിൽ തേക്കുമരം വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
കുണ്ടറ: കിഴക്കേ കല്ലട തെക്കേമുറി സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്ത് പുത്തൻപുരയിൽവീട്ടുപുരയിടത്തിൽ നിന്ന തേക്കുമരം ഇലവൻ കെവി ലൈനിന് മുകളിൽ വീണ് ലൈൻ കമ്പികൾക്ക് കേടുപാടുകൾ സംഭവിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന അഞ്ച് പോസ്റ്റുകൾ ഭാഗികമായി തകർന്ന് ലൈൻ കമ്പികൾ പൊട്ടിവീണു.
റോഡ് മുഴുവൻ ഇലക്ട്രിക് ലൈൻ കമ്പികൾ നിരന്നു കിടക്കുകയായിരുന്നു. അർധ രാത്രിയോടെ ആയിരുന്നു പെരുമഴയും കാറ്റും ഉണ്ടായത്. ഇതുവഴി യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
അപകട വിവരം അറിഞ്ഞയുടൻ വാർഡ് മെമ്പർ വി.വി. പ്രദീപ്കുമാർ സ്ഥലത്തെത്തി. ഇലക്ട്രി സിറ്റി ഓഫീസുമായും വകുപ്പ് മേലധികാരികളുമായും ബന്ധപ്പെട്ടു. സുരക്ഷാ കരുതൽ നടപടികൾ സ്വീകരിച്ചത് അപകടം ഒഴിവാക്കാൻ ഏറെ സഹായകമായി .
പെരുമഴയും കാറ്റും മണിക്കൂറുകളോളം നീണ്ടുനിന്നു. പോസ്റ്റുകൾ തകരുന്നതും കമ്പികൾ പൊട്ടിവീഴുന്നതും ഭയത്തോടെയാണ് നാട്ടുകാർ കണ്ടത്. മഴയും കാറ്റും ശമിച്ചതോടെ നാട്ടുകാർ രംഗത്തെത്തി വൈദ്യുതി ജീവനക്കാരോടൊപ്പം സുരക്ഷയൊരുക്കാൻ തയാറായി .
പെരുമഴയിലും കാറ്റിലും സമീപത്തുള്ള സാന്ദ്രാലയത്തിൽ സൈമണിന്റെ പഴയ വീടിന്റെ ഷീറ്റുകൾ ഇളകിവീണുവീടിന് കേടുപാടുകൾ ഉണ്ടായി. ചിറ്റുമല കിഴക്ക് ഒലിപ്പഞ്ചാലിൽ രാമചന്ദ്രന്റെ തേക്ക് ലൈനിന്റെ മുകളിലൂടെ ജോയി വിലാസത്തിൽ ജോയിയുടെ ഓടിട്ട വീടിന്റെ മുകളിൽ വീണ് വീട് ഭാഗികമായി തകർന്നു. പ്രദേശത്തെ പലയിടങ്ങളിലും മഴക്കെടുതിയുടെ ഫലമായി കൃഷി നാശം സംഭവിച്ചിട്ടുണ്ട്.
ചവറയിൽ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി
ചവറ : ചവറ പന്മന തേവലക്കര നീണ്ടകര പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളും ഇടറോഡകളും വെള്ളക്കെട്ടിലായി. എന്നാൽ ഇന്നലെ ശക്തമായ മഴ ഇല്ലാത്തതിനാൽ വെള്ളക്കെട്ട് അല്പം വലിഞ്ഞിരുന്നു.
ഏറ്റവും കൂടുതലും വെള്ളക്കെട്ട് പന്മന ചവറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു. മിക്ക താഴ്ന്ന പ്രദേശങ്ങളിലെയും വീടുകളും ഇടറോഡുകളും ആണ് വെള്ളത്താൽ ചുറ്റപ്പെട്ടത്. ഓടകൾ അടഞ്ഞതും വേണ്ടത്ര രീതിയിൽ വെള്ളം ഒഴുകിപ്പോകാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
അഞ്ചലിൽ വ്യാപക കൃഷിനാശം
അഞ്ചൽ : ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ ഹെക്ടര്‍ കണക്കിന് കൃഷി നാശം. അഞ്ചല്‍ ആയൂര്‍, ഏരൂര്‍. കുളത്തുപ്പുഴ ഉള്‍പ്പടെയുള്ള ഇടങ്ങളിലാണ് കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അറയ്ക്കൽ ഗോപവിലാസത്തിൽ ഗോപകുമാറിന്റെ ഏക്കര്‍ കണക്കിന് വാഴ കൃഷി നശിച്ചു. അറയ്ക്കൽ മിയ്യേരി ഏലായിൽ പാട്ടത്തിനെടുത്ത നിലത്തിൽ കൃഷി ചെയ്തിരുന്ന ഇരുന്നൂറോളം ഏത്തവാഴകളും മരച്ചീനി കൃഷിയുമാണ് നശിച്ചത്. കൃഷി നാശം സംഭവിച്ച വിവരം ഇടമുളയ്ക്കൽ കൃഷിഭവൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. കുളത്തുപ്പുഴയില്‍ തോട്ടില്‍ നിന്നുള്ള വെള്ളം കയറിയാണ് കൃഷി വിളകള്‍ നശിച്ചത്.

സമീപത്തെ വീടിന്റെ മതില് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് സമീപത്തെ തോട് അടഞ്ഞതോടെ തോട്ടിലെ വെള്ളം കൃഷി ഇടങ്ങളിലേക്ക് കയറുകയായിരുന്നു. വട്ടക്കരിക്കം ഹമീദിയ സൗദത്തില്‍ സിറാജുദീന്റെ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. വട്ടക്കരിക്കം ഐഷ മന്‍സിലില്‍ ദിലീപ് എന്നയാളുടെ വീടിന്റെ സുരക്ഷക്കായി കെട്ടിയ കല്‍ക്കെട്ടാണ് ഇടിഞ്ഞു വീണത്.
ചാത്തന്നൂരിലും വൻനാശനഷ്ടം
ചാത്തന്നൂർ : ശക്തമായ കാറ്റും മഴയും വൻ നാശനഷ്ടം ഉണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഒട്ടേറെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾ നശിച്ചു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു. മണിക്കൂറോളം വൈദ്യുതി മുടങ്ങി. വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.
ചാത്തന്നൂർ കാരംകോട് ജെ എസ് എം ആശുപത്രിയ്ക്ക് സമീപവും ചാത്തന്നൂർ -കൊട്ടാരക്കര റോഡിലുമാണ് മരങ്ങൾ റോഡിലേക്ക് വീണത്. കൂറ്റൻ മരങ്ങൾ വൈദ്യുതി തൂണുകളുടെ മുകളിലേക്കാണ് വീണത്. പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ ശ്രമിച്ചാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.
ദേശിയപാതയോരത്തെ കൂറ്റൻ ബോർഡുകളും നിലംപൊത്തി. കൊല്ലം -തിരുവനന്തപുരം ദേശിയപാതയോരത്ത് ജെ എസ് എം ജംഗ്ഷന് സമീപമാണ് കൂറ്റൻ പരസ്യ ബോർഡ് തൊട്ടടുത്ത വർക്ക്ഷോപ്പിന്റെ മുകളിലേക്ക് തകർന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ചുഴലികാറ്റിൽ തേക്ക് മരം വീണ് വിളപ്പുറം എം സി പുരത്ത് വിളയിൽ പുത്തൻവീട്ടിൽ വിലാസിനിയുടെ വീടാണ് തകർന്നത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി മീനാട് വില്ലേജ് ഓഫിസർ എന്നിവരടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.