കുണ്ടറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉന്നതതലയോഗം വിളിക്കും : മന്ത്രി റോഷി അഗസ്റ്റിന്
1535716
Sunday, March 23, 2025 6:33 AM IST
കുണ്ടറ : കുണ്ടറ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കുണ്ടറ നിയോജകമണ്ഡലത്തിലെ പേരയം,പെരിനാട്,കുണ്ടറ,തൃക്കോവില്‍വട്ടം, നെടുമ്പന, കൊറ്റങ്കര, ഇളമ്പളളൂര്‍ എന്നീ ഏഴ് പഞ്ചായത്തുകളിലും അതിരൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്നു എന്ന വിഷയം സബ്മിഷനായി .പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ചതിന്റെ മറുപടിയായിട്ടാണ് യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചത്.
ജല്‍ ജീവന് മിഷൻ പദ്ധതിപ്രകാരം കുണ്ടറ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ച് ജല കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിനാനുപാതികമായ ജല ലഭ്യത ഇല്ലെന്നും അത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറുകയാണെന്നും ജല കണക്ഷനുകള്‍ വര്‍ധിച്ചെങ്കിലും അതിനനുസരിച്ചുള്ള ജലലഭ്യത ലഭിക്കുന്നില്ലായെന്നും എംഎല്‍എ പറഞ്ഞു.
ഞാങ്കടവ് പദ്ധതിയില്‍ ഇളമ്പളളൂര്‍ പോലീസ് സ്റ്റേഷന്- നാന്തിരിക്കൽ റോഡില്‍170മീറ്റര്‍ ദൂരത്ത് പൈപ്പ് ലൈന്‍ ഇടുന്നതുമായി ബന്ധപ്പെട്ട് അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ലായെന്നും അത് ലഭ്യമാക്കാനുളള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഞാങ്കടവ് പദ്ധതിയിലെ തടയണയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പെരിനാട് കുടിവെളള പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയില്‍ ഉണ്ടായിട്ടുളള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കൊറ്റങ്കരയിലെ വാട്ടര്‍ ടാങ്ക് നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും കുണ്ടറ നിയോജകമണ്ഡലത്തിന് മാത്രമായി ഒരു പ്രത്യേക കുടിവെളള പദ്ധതി ആരംഭിക്കണമെന്നു സബ്മിഷനിലൂടെ എംഎല്എഉന്നയിച്ചു.
വാട്ടര്‍ കണക്ഷന് എത്താത്ത പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്ട്ടുമെന്റില് നിന്ന് അനുവദിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും, വേനല്‍കാലത്ത് കെ ഐ പി കനാല്‍ വഴി വെള്ളം തുറന്നുവിട്ടാല്‍ പരിസരത്തെ കിണറുകളില്‍ ജല ലഭ്യതയുണ്ടാകാറുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ വെളളം തുറന്നു വിടുമ്പോള്‍ കൊയ്തുകാലത്തെ ബാധിക്കുന്ന സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൊയ്ത്ത് സ്ഥലങ്ങളെ ബാധിക്കാത്ത തരത്തില്‍ ജലം ഒഴുക്കി വിടുന്നതിനുളള ക്രമീകരണങ്ങള്‍ നടത്തണമെന്നുംടാങ്കര് ലോറികളില്‍ വെള്ളം എത്തിക്കേണ്ട സാഹചര്യം കണക്കിലെടുത്ത്,
പ്ലാന്‍ ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ച്, ആവശ്യമായ സമയങ്ങളില്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുളള ഉത്തരവ് നല്‍കണമെന്നും സബ്മിഷനിലൂടെ പി.സി വിഷ്ണുനാഥ്്എംഎൽ എ ആവശ്യപ്പെട്ടു.