കൊല്ലത്ത് നടക്കില്ല
1582021
Thursday, August 7, 2025 6:20 AM IST
കൊല്ലം : നഗരത്തിൽ കാൽനടയാത്രക്കാർക്കു നടന്നു പോകാൻ പറ്റുമോ? ഇല്ല എന്നാണ് ഉത്തരം. നടപ്പാതകൾ മുഴുവൻ ഏതാനും തട്ടുകടക്കാർ, കച്ചവടക്കാർ, ഓട്ടോറിക്ഷക്കാർ, സ്വകാര്യ കാറുകൾ, സ്വകാര്യബസുകൾ എല്ലാവരുംകൂടി കൈയേറി കഴിഞ്ഞു. കൊല്ലത്ത് ആരും ചോദിക്കില്ല. അതുകൊണ്ട് കൊല്ലത്ത് ഒന്നും നടക്കില്ല. കൊല്ലത്ത് ആരും നടക്കുകയുമില്ല.
ഫുട്പാത്തിലേക്ക് നോക്കുക
കൊല്ലത്തെ നിരത്തിലിറങ്ങി നിങ്ങൾ ഫുട്പാത്തിലേക്കൊന്നു നോക്കുക. ആരെങ്കിലും നടപ്പാതയിലൂടെ നടന്നു ലക്ഷ്യസ്ഥാനത്ത് എത്തുന്നതു കണ്ടിട്ടുണ്ടോ. അല്ല, നിങ്ങൾക്കു എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടോ. മഴയായാലും വെയിലായാലും പൊതുനിരത്തിലിറങ്ങി നടക്കണം. പൊതുനിരത്തുകളിലൂടെ വാഹനങ്ങളെ ഭയന്നല്ലേ നമ്മൾ നടന്നു പോകുന്നത്.
നമ്മുടെ കുട്ടികൾ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതു കാണുന്പോൾ നമ്മൾ പ്രാർഥിക്കുകയാണ്. നഗരത്തിലൊന്ന് ഇറങ്ങിയാൽ ഒന്നെങ്കിൽ കച്ചവടക്കാർ സാധനങ്ങളെല്ലാം ഇറക്കി വച്ചു ഫുട്പാത്ത് കൈയേറും.
അവിടെനിന്നും വഴിയിലിറങ്ങി നടന്നു മുന്നോട്ടു പോകുന്പോൾ തട്ടുകടക്കാർ നിരന്നിരിക്കും. പിന്നെ കാണുന്നതു ഫുട്പാത്തിൽ കിടക്കുന്ന ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളുമാണ്. പിന്നെ തിരക്കേറിയ വഴിയിലെ ഹോട്ടലുകൾക്കു മുന്നിലെ വാഹനങ്ങളുടെ തിരക്ക്. ശ്വാസംമുട്ടിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
പ്രഭാത നടത്തത്തിനിടെ വാഹനം തട്ടി മരിക്കുന്നതും ഗുരുതര പരുക്കേല്‍ക്കുന്നതും പതിവു വാര്‍ത്തയാണ്. പൊതുനിരത്തുകളില്‍ കാല്‍നട യാത്രക്കാർക്കു പ്രത്യേകം നടപ്പാതകള്‍ ഇല്ലാത്തതുകൊണ്ടല്ല ഇത്തരം അപകടം സംഭവിക്കുന്നത്.
ഫുട്പാത്തുകളിൽ കൈയേറ്റം നടന്നിരിക്കുന്നു. കാല്‍നട യാത്രക്കാര്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന ഭാഗങ്ങളുടെ ഓരം പറ്റി നടക്കാന്‍ നിര്‍ബന്ധിതരാകുന്നു. എത്ര ശ്രദ്ധിച്ചു നടന്നാലും മത്സരയോട്ടം നടത്തുന്ന ബസുകളില്‍ നിന്നും ചീറിപ്പായുന്ന മറ്റു വാഹനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നു വരില്ല.
നഗരത്തിൽ ഇവിടെ
ചിന്നക്കടപോസ്റ്റ് ഓഫീസ് റോഡ്, സെന്റ് ജോസഫ്സ് കോൺവന്റ് റോഡ്, ബീച്ച് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, താലൂക്ക് കച്ചേരി ജംഗ്ഷൻ ഭാഗങ്ങളിലൂടെ ഒന്നു സഞ്ചരിക്കുക. ആരും ഭയപ്പെടുത്തുന്ന രീതിയിൽ ഫുട്പാത്തുകൾ ചിലർ സ്വന്തമാക്കി കഴിഞ്ഞു.
നടപ്പാതകള്‍ ഉപയോഗിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാല്‍നട യാത്രക്കാര്‍ക്കു ഫുട്പാത്തുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും ഇക്കഴിഞ്ഞ മേയ് 14നു സുപ്രീം കോടതി വ്യക്തമാക്കി.
നടപ്പാതകള്‍ ഇല്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡുകളില്‍ സഞ്ചരിക്കാന്‍ നിര്ബന്ധിതരാകുന്നതാണ് നല്ലൊരു പങ്ക് റോഡപകടങ്ങള്‍ക്കും കാരണമെന്നും ജസ്റ്റിസ് അഭയ് ,ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടികാട്ടിയിരുന്നു.
അധികാരികൾക്കു മൗനം
നടപ്പാതകള്‍ നിര്‍മിക്കുന്നതോടൊപ്പം യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിക്കുന്ന അതിലെ തടസങ്ങള്‍ നീക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുമുള്ള ബാധ്യതയും ഭരണകൂടങ്ങള്‍ക്കുണ്ട്. തൂങ്ങിക്കിടക്കുന്ന കേബിളുകളും ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും പരസ്യബോര്‍ഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു.
നടപ്പാതകള്‍ കൈയേറി ബൈക്കുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതും ഉന്തുവണ്ടിക്കച്ചവടം നടത്തുന്നതും നഗരങ്ങളില്‍ പതിവു കാഴ്ചയാണ്. ഓണം പോലുള്ള ഉത്സവ സീസണുകളില്‍ തെരുവു കച്ചവടക്കാര്‍ നടപ്പാതകളും റോഡുകളും കൈയടക്കുന്നു. ഇതിനെതിരെ പരാതി ശക്തമാകുമ്പോള്‍ അധികൃതര്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെങ്കിലും താമസിയാതെ കച്ചവടക്കാര്‍ തിരിച്ചെത്തും.