മുറിച്ചിട്ടമരം ഗതാഗതതടസം ഉണ്ടാക്കുന്നു
1582032
Thursday, August 7, 2025 6:31 AM IST
കുണ്ടറ: മുറിച്ചിട്ട മരം ഗതാഗത തടസം ഉണ്ടാക്കുന്നു. പള്ളിമുക്ക് മാർക്കറ്റ് ഭാഗത്തു നിന്നും കാക്കോലിൽ, അടുക്കോട്, കാഞ്ഞിരകോട് ഭാഗങ്ങളിലേക്ക് പോകുന്ന റോഡിൽ മരം മുറിച്ചിട്ടത് മൂലം ഗതാഗതം തടസപ്പെട്ട നിലയിലാണ്.
പാതയുടെ ഓരത്ത് നിന്ന പാലമരം ഒരാഴ്ച മുമ്പാണ് റെയിൽവേ അധികൃതർ മുറിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും റോഡിന് കുറുകെ കിടക്കുന്ന തടി മാറ്റാത്തത് മൂലം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സ്ഥിരമായി ഉപയോഗിക്കുന്നതും, പള്ളിമുക്ക് ജംഗ്ഷനിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടാൽ പൊതുജനങ്ങൾ പ്രയോജനപ്പെടുത്തുന്നതുമായ സമാന്തര റോഡാണ് തടസപ്പെട്ടു കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഈ വിഷയത്തിൽ റെയിൽവേ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.