പ്രോലൈഫ് ഞായര്‍ ആചരണം സംഘടിപ്പിച്ചു
1581481
Tuesday, August 5, 2025 7:22 AM IST
കൊല്ലം : കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ കര്‍മല റാണി ട്രെയിനിംഗ് കോളജില്‍ പ്രോലൈഫ് ഞായര്‍ ആചരണം സംഘടിപ്പിച്ചു.
കൊല്ലം രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന് ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പ്രോലൈഫ് ഞായര്‍ ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജീവന്റെ സമഗ്രപോഷണം സകല തലങ്ങളിലേക്കും എത്തിക്കുവാനുള്ള പ്രവര്‍ത്തന ഭാഗമാണ് പ്രോലൈഫ് ഞായര്‍ ആചരണമെന്നു ബിഷപ് പറഞ്ഞു.ഈ കാലഘട്ടത്തില്‍ ജീവനെതിരായ നിയമനിര്‍മാണങ്ങളും മദ്യം മയക്കുമരുന്ന് ഭ്രൂണഹത്യ തുടങ്ങി ജീവനെതിരായ തിന്മകളുടെ ഉദാരവത്കരണവുമാണ് നടന്നുവരുന്നത്. ഇവിടെയാണ് ജീവന്റെ സംരക്ഷണം ലക്ഷ്യം വച്ചുള്ള പ്രോലൈഫ് ഞായറിന്റെ പ്രസക്തി എന്നും ബിഷപ് പറഞ്ഞു.
കൊല്ലം രൂപതാ പ്രോലൈഫ് കോര്‍ഡിനേറ്ററും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആനിമേറ്ററുമായ ജോര്‍ജ് എഫ്.സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു.
ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഷാജന് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, വി.ടി. കുരീപ്പുഴ, ഇഗ്നേഷ്യസ് വിക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊല്ലം രൂപതയോടൊപ്പം സഞ്ചരിക്കുകയും അവരവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്ന രൂപതാംഗങ്ങള്‍ക്ക് നല്കുന്ന പുരസ്കാരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ബിഷപ് സമ്മാനിച്ചു.