കൊട്ടാരക്കര ഗവ. ഗേൾസ് ഹൈസ്കൂളിലെ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുന്നു
1580888
Sunday, August 3, 2025 6:17 AM IST
കൊട്ടാരക്കര: നൂറ്റാണ്ട് പഴക്കമുള്ള കൊട്ടാരക്കര ഗവ. ഗേൾസ് ഹൈസ്കൂളിലെ പഴയ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.
കെട്ടിടം ശോചനീയാവസ്ഥയിലായിട്ടും പൊളിച്ച് മാറ്റാൻ അധികൃതർ തയാറാകുന്നില്ല. ശക്തമായ കാറ്റ് വീശിയാൽ നിലം പൊത്തുന്ന അവസ്ഥയിലാണ് സർക്കാർ വിദ്യാലയത്തിലെ ഈ കെട്ടിടം.
കുട്ടികൾ എപ്പോഴും ഈ കെട്ടിടത്തോട് ചേർന്നാണ് നടക്കുകയും, കളിക്കുകയും, ഇടയ്ക്ക് വിശ്രമിക്കുന്നതും.അധ്യയനത്തിന്റെ ഇടവേളകളിൽ കുട്ടികൾ ഈ കെട്ടിടത്തിന്റെ വരാന്തയിൽ ഉണ്ടാകും.
പഴകി ദ്രവിച്ച കെട്ടിടത്തിന്റെ ഓടുകളും മേൽക്കൂരയും പൊട്ടിയടർന്നു.ഭിത്തികൾ വിണ്ടുകീറി.
രാജഭരണ കാലത്ത് ഇളയിടത്തു സ്വരൂപത്തിലെ കുടുംബാംഗങ്ങൾക്കും ഉന്നത കുലത്തിൽപ്പെട്ടവർക്കും വിദ്യാഭ്യാസത്തിനായി തുടങ്ങിയ മലയാളം വിദ്യാലയമാണിത്. മലയാളം വേർണാഗുലർ എന്നായിരുന്നു അന്ന് പേര്.
പിന്നീട് ഇംഗ്ലീഷ് തേർഡ് ഫോറം സ്കൂളാക്കി മാറ്റി. 1937-ൽ സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കേ നാട്ടുകാർ സമാഹരിച്ച 5000രൂപ കെട്ടിവച്ചപ്പോൾ ആണ് ഹൈസ്കൂളിനായി പ്രവർത്തനാനുമതി ലഭിച്ചത്.
കുട്ടികൾ കുറഞ്ഞതിനാൽ സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കോളമെത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് സ്കൂൾ നിലനിർത്തി.
സ്കൂളിന് കോൺക്രീറ്റ് കെട്ടിടം ഉണ്ടായപ്പോൾ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.