നാശത്തിന്റെ വക്കിൽ സർക്കാർ മന്ദിരങ്ങൾ
1581238
Monday, August 4, 2025 6:17 AM IST
കൊല്ലം: നമ്മുടെ നാട്ടില്‍ നമ്മുടെ ചുറ്റും എത്രയെത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കാടുകയറി നശിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥനു ജീവന് പണയം വയ്ക്കാതെ ഇവിടെ ജോലി ചെയ്യാന്‍ സാധിക്കുമോ. സ്കൂളുകളില്‍ കയറി പാമ്പുകള്‍ വിളയാട്ടം നടത്തുന്നു.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കണം. നാട്ടുകാരും ജീവനക്കാരും തകര്‍ന്ന കെട്ടിടത്തിലേക്കാണ് എന്നും എത്തിച്ചേരേണ്ടത്. അടിസ്ഥാനസൗകര്യം പോലുമില്ലാത്ത ഓഫീസുകള്‍ വരെ നമ്മുടെ ചുറ്റുമുണ്ട്.
കാടുമൂടിക്കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉടമകള്‍ ജാഗ്രതൈ... ഉടമ പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയില്‍നിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനത്തൊട്ടാകെ കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കി പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കാന്‍ പറമ്പുകളുടെ ഉടമകള്‍ക്കും കൈവശക്കാര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്കി കഴിഞ്ഞു.
എന്നാല്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ഇടിഞ്ഞുവീഴാറായിട്ടും ഇവര്‍ മൗനം പാലിക്കുകയാണ്. സമയാസമയങ്ങളില്‍ ഉത്തരവിറക്കിയും ചട്ടങ്ങളും നിയമങ്ങളും മാറ്റി എഴുതുന്നവര്‍ അപകടം സംഭവിച്ച ശേഷം ഓടി എത്തി നഷ്ടപരിഹാരം നല്കിയാല് മാത്രം പോരാ. സാധാരണ ജനത്തിന്റെ ആവശ്യമെങ്കിലും സാധിച്ചുകൊടുക്കാന്‍ ധൈര്യം കാണിക്കണം.