ഏതു നിമിഷവും തകര്‍ന്നു വീഴാം...
1581240
Monday, August 4, 2025 6:26 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച പൊതു മാര്‍ക്കറ്റ് കെട്ടിടവും വ്യാപാരസ്ഥാപനങ്ങളും ഏതുനിമിഷവും തകര്‍ന്നുവീഴുന്ന അവസ്ഥയില്‍ ഭീഷണിയായി നില്ക്കുന്നു. നടപടി സ്വീകരിക്കേണ്ട ഗ്രാമപഞ്ചായത്ത് മൗനം പാലിക്കുന്നതില്‍ വ്യാപാരികള്‍ക്കും പൊതുജനത്തിനും അമര്‍ഷമുണ്ട്.
ഒരു അപകടം സംഭവിച്ചതിനുശേഷം പൊട്ടിക്കരഞ്ഞു മാധ്യമങ്ങളുടെ മുന്നില്‍ എത്തിയാല്‍ മതിയോ എന്ന ചോദ്യമാണ് ഉയരുന്നത്. സമയാ സമയങ്ങളില്‍ വേണ്ട അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ മേല്ക്കുരയിലെ ഇരുമ്പുകമ്പികള്‍ ദ്രവിച്ചു കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തകര്‍ന്നും ഭിത്തികളിലെ ഇഷ്ടികയും കട്ടകളും ദ്രവിച്ചു പൊടിഞ്ഞും ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ആരും ഒന്നുപേടിച്ചുപോകുന്ന സ്ഥിതിയിലാണ് കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് കെട്ടിടം ഇവിടെ നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച കെട്ടിടത്തിനുള്ളിലെ സ്റ്റാള്‍ മുറികള്‍ എല്ലാം തന്നെ ഇഷ്ടികകള്‍ ദ്രവിച്ചു തകര്‍ന്നടിഞ്ഞ നിലയിലാണുള്ളത്.
മേല്‍ക്കൂരയില്‍ പലയിടത്തും ആല്‍മരം വളര്‍ന്നതോടെ കോണ്ക്രീറ്റിനുള്ളിലേക്കു മഴവെള്ളം ഊര്‍ന്നിറങ്ങി ഭിത്തികളെല്ലാം നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണ്. നിലവില്‍ മത്സ്യവ്യാപാര കേന്ദ്രവും പഞ്ചായത്ത് വാടകക്കുലേലം ചെയ്തു പ്രവര്‍ത്തിക്കുന്ന കടകളും അട്ടിറച്ചി, മാട്ടിറച്ചി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതും ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലുള്ള ഈ കെട്ടിടത്തിലാണ്.
ആട്ടിറച്ചി സ്റ്റാളിനുള്ളില്‍ മേല്‍ക്കൂര താഴേക്കു വീഴാതിരിക്കാന്‍ മുറിയുടെ നടുക്കുതടികൊണ്ട് താങ്ങ് കൊടുത്ത നിലയിലാണുള്ളത്.
ചന്ത ദിവസങ്ങളിലും മറ്റും കച്ചവടത്തിനായി നിരവധി വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനായി പൊതുജനവും ഇവിടേക്ക് എത്താറുണ്ട്. കൂടാതെ പൊതുമാര്ക്കറ്റിനോടുചേര്ന്നു താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അവരുടെ താമസ സ്ഥലത്തേക്ക് കടന്നു പോകുന്നതും മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളിലൂടെയാണ്.
പൊതുമാര്‍ക്കറ്റ് നവീകരണത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അതു നടപ്പിലാകുന്ന മുറക്ക് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കം ചെയ്യാമെന്നുമുള്ള മറുപടിയാണ് അധികൃതർക്ക് പറയാനുള്ളത്.
അതേ സമയം പൊതുമാര്‍ക്കറ്റ് നവീകരണം എന്നു നടക്കുമെന്ന് ആര്‍ക്കും അറിയില്ല. അപ്പോള്‍ മാത്രം ഇതു പൊളിച്ചുകളയുകയുള്ളൂവെന്ന വാദം മുഖവിലയ്ക്കെടുക്കാന്‍ വ്യാപാരികളും ജനവും തയാറാല്ല. അടിയന്തിരമായി ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.