കാത്തിരിപ്പ് കേന്ദ്രമില്ല: ബിജെപി പ്രതിഷേധിച്ചു
1581464
Tuesday, August 5, 2025 7:22 AM IST
അഞ്ചല്‍ : വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ അപകടാവസ്ഥയിലായിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിയത്. ഇതോടെ ഇവിടെ കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായി മാറി. പകരം താത്കാലിക സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതിനുള്ള നടപടികള്‍ വൈകുകയാണ്.
ഇതോടെ ഇവിടെ ബസ് കാത്ത് നില്ക്കുന്ന വിദ്യാര്‍ഥികളും മുതിര്‍ന്നവരും ചെറിയ കുട്ടികളുമായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ദുരിതം നേരിടുകയാണ്. കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു ആഴ്ചകള്‍ പിന്നിടുമ്പോഴും അതിനു മേല്‍ക്കൂര സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധ ഭാഗമായി കാത്തിരിപ്പ് കേന്ദ്രത്തിന് പ്ലാസ്റ്റിക് ടാര്‍പ്പ ഉപയോഗിച്ച് താത്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ് ബിജെപി. പ്രതീകാത്മകമായി മാത്രമാണ് ഇത്തരത്തില്‍ ഒരു സൗകര്യമൊരുക്കിയതെന്നും കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജെപി ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഉമേഷ് ബാബു പറഞ്ഞു. നേതാക്കളായ ആര്.ബിജു, ജി. രതീഷ്കുമാര്‍, കൃഷ്ണകുമാര്‍, ബിജു, സുധീഷ്കുമാര്‍, സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി .